ആനന്ദിന്റെ ജീവൻ കവർന്നത് നമ്മുടെ അനാസ്ഥയാണ്. ആ ചോരയാട് ഇനിയെങ്കിലും നമുക്ക് നീതി പുലർത്താനാവുമോ?
കൊയിലാണ്ടി: “വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ” എന്ന് വിലപിക്കുന്നുണ്ട് വൈലോപ്പിള്ളി മാമ്പഴം എന്ന കവിതയിൽ. ഈ വിലാപം കേവലം വൈലോപ്പിള്ളിയുടെ കാല്പനികമായ ചോദ്യമല്ല. നാമോരുത്തരുടേയും മനസ്സു ദഹിക്കുന്ന യാഥാർത്ഥ്യമായി മുമ്പിൽ നിൽക്കുയാണ്. ഒരു കയ്യ് തുറന്നു പിടിച്ച കുടയിലും മറുകൈ അമ്മയുടെ വിരൽ തുമ്പിലും പിടിച്ച് ചിരിച്ചുല്ലസിച്ച് വീട്ടിലേക്ക് നടന്ന് പോയ, പന്തലായനി ബി ഇ എം യു പി സ്കൂളിലെ ആറാം ക്ലാസുകാരൻ ആനന്ദിന് മുമ്പിലേക്ക് തീവണ്ടി ഇരച്ചെത്തിയത് അന്തക പരിവേഷത്തോടെയായിരുന്നു. തീവണ്ടി കടന്നുപോകുമ്പോഴുള്ള ശക്തമായ കാറ്റിൽ കുട്ടി കുടയോടൊപ്പം പറന്ന് വീണത് തീവണ്ടിക്കരികിലായിരുന്നു. ആ അച്ഛനമ്മമാർക്, ആ നടുക്കുന്ന ഓർമകളിലൂടെ കടന്ന് പോകാത്ത ഒരു ദിവസമെങ്കിലും ശിഷ്ടജീവിതത്തിലുമണ്ടാകുമാ? യഥാർത്ഥത്തിൽ നാമോരുത്തരും ഉത്തരവാദിയില്ലേ ഈ അരുംകൊലയിൽ?
കൊയിലാണ്ടി റെയിൽ വേസ്റ്റേഷന് വടക്ക് തെരുവത്ത് പീടികക്ക് സമീപമായി എത്ര ജീവനുകൾ ഈ റെയിൽപ്പാളത്തിൽ പൊലിഞ്ഞടങ്ങിയിട്ടുണ്ടാവും? മാധ്യമപ്രവർത്തകനെന്ന നിലയിൽ എത്ര മരണങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടി വന്നു എന്നതിനും കണക്കൊന്നുമില്ല. നമ്മുടെ വികസന കാഴ്ചപ്പാടിന്റെ അവസാനത്തെ കുരിതിയെങ്കിലുമാകട്ടെ ഈ ഇളംജീവൻ എന്ന് ആശ്വസിക്കാനെങ്കിലും നമുക്കാവുമോ?
ഇവിടെ ഒരു ഫൂട്ട് ഓവർ ബ്രിഡ്‌ജ് പണിയണമെന്നാവശ്യപ്പെടുന്ന ആയിരക്കണക്കിന് പ്രമേയങ്ങൾ വാർത്തയായി എഴുതേണ്ടി വന്നിട്ടുണ്ട്. സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് പോകുന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾ നിത്യേന അങ്ങോട്ടും ഇങ്ങോട്ടും മുറിച്ചു കടക്കുന്ന ഒരിടം. പന്തലായനി ബി ഇ എം യുപിസ്കൂളിലേക്ക് കുരുന്നുകൾ നിത്യേന കടന്നുപോകുന്ന ഇടം. മിനിസിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും പട്ടണത്തിലേക്കും നൂറുകണക്കിന് മനുഷ്യർ ഒരോ മണിക്കൂറിലും കടന്നുപോകുന്ന കേന്ദ്രം. മറ്റെന്തൊക്കെ കാര്യത്തിന് നമ്മുടെ കയ്യിൽ പണമുണ്ട് ? പക്ഷേ കഴിഞ്ഞ കാൽ നൂറ്റാണ്ടായി നിരന്തരം ഉയരുന്ന ഒരാവശ്യമാണ് ഇവിടെ ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു പാട് സമരങ്ങളും നടന്നു. എല്ലാവരും മടുത്ത് പിൻമാറിയത് പോലെയാണിപ്പോൾ. അധികാരികളുടെ ഫയലുകളിൽ പൊടി പിടിച്ചു കിടക്കുന്നുണ്ട് ഈ വികസനവും. നല്ലവാരായ കുറേ നാട്ടുകാരും അദ്ധ്യാപകരും സ്വമേധയാ പാതയോരത്ത് നിന്ന് ആർത്തു വിളിച്ചും മറ്റും വിവരം നൽകുന്നത് കൊണ്ടാണ് ഇവിടെ നിത്യേനയെന്നോണം അപകടങ്ങൾ നടക്കാത്തത്. ദേശീയ പാതയിൽ ട്രാഫിക് പോലീസിനെ വെച്ച് നല്ല നിലയിൽ നിയന്ത്രണമേർപ്പെടുത്തുന്നുണ്ട് കൊയിലാണ്ടിയിൽ. സ്കൂളിലേക്ക് കുട്ടികളെത്തുകയും പോകുകയും ചെയ്യുന്ന, കാലത്തും വൈകീട്ടുമെങ്കിലും ഒരോ പോലീസുകാരന് ഇവിടെ ഡ്യൂട്ടി നൽകിയാൽ അതൊരുപക്ഷേ കുറേ അപകടങ്ങൾ ഒഴിവാക്കിയേക്കും. കുട പിടിക്കുമ്പോഴുണ്ടാവുന്ന കാഴ്ച മറയൽ, ഓരങ്ങളിൽ വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ, മഴയുടെ ശബ്ദത്തിൽ തീവണ്ടി വരുന്നത് അറിയാതെ പോകുന്നത് ഒക്കെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിനൊക്കെ പുറമേയാണ് ഏതോ തലതിരിഞ്ഞ അദ്ധ്യാപകരുടെ ‘സായിപ്പൻഭ്രമം, മൂലം പെൺകുട്ടികൾക്ക് നിശ്ചയിച്ച യൂണിഫോം. മഴ നനഞ്ഞാൽ പൊക്കി നടക്കാൻ കഴിയാത്തത്ര ഭാരവും ദിവസങ്ങളോളം ഉണങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണിത്. ഇതൊക്കെ കുട്ടികൾക്കുണ്ടാക്കുന്ന പ്രയാസങ്ങളും അസ്വസ്ഥതകളും കൂടി അപകടങ്ങൾക്ക് കാരണമാകും. എന്തൊക്കെ കാര്യങ്ങൾക്ക് എത്രയായിരം കോടി രൂപ നാം ചിലവാക്കുന്നു. കെ റെയിലും ദേശീയപാത വികസനവും തുടങ്ങി എന്തൊക്കെ. ഒരു ഫുട് ഓവർബ്രിഡ്ജ് പണിയാനുള്ള പണം മാത്രം കണ്ടെത്താൻ നമുക്കാവുന്നില്ല എന്നത് കഷ്ടമാണ്. ഇത്തരം ആവശ്യങ്ങളോടൊക്കെ പുറംതിരിഞ്ഞു നിൽക്കുന്ന നിലപാടാണ് റെയിൽവേക്ക്. എന്നാൽ അവർക്ക് തോന്നിയാൽ ഇതൊക്കെ നടപ്പിലാക്കാൻ അവർക്ക് ദിവസങ്ങൾ മതിയാകുകയും ചെയ്യും. ഇനി റെയിൽവേ ചെയ്യുന്നില്ലങ്കിലും നമ്മുടെ ജനപ്രതിനിധികൾക്ക് ഇതിനൊക്കെ മുൻകൈ എടുക്കാവുന്നതേയുള്ളൂ. നഗരസഭയും എം എൽ എയും എം പിയും ജില്ലാ പഞ്ചായത്തും സംസ്ഥാന സർക്കാരുമൊക്കെ ഒരുമിച്ച് നിന്നാൽ എത്ര കോടിയും സമാഹരിക്കാം. വിഭവസമാഹരണത്തിന് ജനങ്ങളുടെ സഹായം തേടുകയുമാവാം. ആനന്ദിന്റെ കൊലയെങ്കിലും നമ്മുടെ കണ്ണ് തുറപ്പിക്കുമോ?