ആനന്ദ നൃത്തത്തിൽ ആറാടി കോഴിക്കോട് ബീച്ച്
ചാടുലമായ നൃത്തചുവടുകൾ കൊണ്ട് കാണികൾക്ക് ആസ്വാദനത്തിന്റെ നറുമധുരം സമ്മാനിച്ച് ആശാ ശരത്തും സംഘവും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലെ ഓപ്പൺ സ്റ്റേജിൽ അവതരിപ്പിച്ച നൃത്ത പരിപാടി കാണികളുടെ ഹൃദയം കവർന്നു.
ക്ലാസ്സിക്കൽ, സെമിക്ലാസിക്കൽ, സിനിമ ഗാനങ്ങളും കോർത്തിണക്കിയ അവതരണത്തിനാണ് ബീച്ച് സാക്ഷ്യം വഹിച്ചത്. 1970 മുതൽ 2000 വരെയുള്ള കാലഘട്ടത്തിലെ പ്രണയ ഗാനങ്ങൾ കോർത്തിണക്കിയ സിനിമ ഫ്യൂഷൻ എല്ലാവർക്കും നവ്യാനുഭവം സമ്മാനിച്ചു.
രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന നൃത്തപരിപാടിയില്‍ ആശയോടൊപ്പം മകൾ ഉത്തര ശരത്തും എട്ട് കലാപ്രതിഭകളും അരങ്ങില്‍ ചുവടുവെച്ചു. ആയിരങ്ങളാണ് നൃത്ത പരിപാടി ആസ്വദിക്കുന്നതിനായി ബീച്ചിലേക്ക് ഒഴുകിയെത്തിയത്.
പ്രമുഖ നർത്തകരായ ഡോ. സുമതിയും ബിജു ധ്വനി തരംഗുമാണ് നൃത്തത്തിന്റെ കോറിയൊഗ്രാഫി നിർവഹിച്ചത്.
പരിപാടികൾക്ക് ശേഷം കലാകാരി കൂടിയായ ജില്ലാ കലക്ടർ എ ഗീത നർത്തകരെ അനുമോദിച്ചു.