ആനപ്പാറക്വാറി; കീഴരിയൂരിന് വീണ്ടും അശാന്തിയുടെ നാളുകൾ
കൊയിലാണ്ടി: എൺപത്തി എട്ട് ദിവസങ്ങൾക്ക് മുമ്പ് വെടിയും പുകയും നിലച്ച ആനപ്പാറ ക്വാറി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കീഴരിയൂരിനെ കാത്തിരിക്കുന്നത് അശാന്തിയുടെ നാളുകൾ. സമരസമിതി വീണ്ടും സമരം ശക്തമാക്കി രംഗത്തെത്തി കഴിഞ്ഞു. ഏത് വിധേനയും ക്വാറി പ്രവർത്തിപ്പിക്കുമെന്ന വാശിയിലാണ് ക്വാറി ഉടമകൾ. ജനകീയ സമരത്തെ തുടർന്ന് ഒരു ക്വാറി അടച്ചുപൂട്ടേണ്ടി വന്നാൽ അത് കേരളത്തിലാകെ ചലനമുണ്ടാക്കുമെന്നും എല്ലായിടത്തും പ്രശ്നങ്ങളുടലെടുക്കുമെന്നുമാണ് ക്വാറി ഉടമസ്ഥ സംഘത്തിന്റെ നിലപാട്. അത് കൊണ്ട് എന്ത് വില കൊടുത്തും സമരത്തെ പൊളിക്കണമെന്നും ക്വാറി പ്രവർത്തനം ഒരു ദിവസം പോലും നിലക്കാൻ പാടില്ലന്നുമാണ് അവരുടെ നിലപാട്. സംസ്ഥാനത്തെ ഭരണകക്ഷി നേതാക്കളുടേയും കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റേയും പിന്തുണ ഇക്കാര്യത്തിൽ തങ്ങൾക്കുണ്ടെന്ന് അവർ അവകാശപ്പെടുന്നുമുണ്ട്. എന്നാൽ തങ്ങൾ ജനിച്ച മണ്ണിൽ തങ്ങൾക്ക് സ്വസ്ഥമായി താമസിക്കാൻ കഴിയാത്ത അവസ്ഥ ഇനിയും സഹിച്ചിരിക്കാൻ കഴിയില്ലന്നാണ് ജനങ്ങൾ പറയുന്നത്.
ക്വോറിയുടെ ചുറ്റുപാടുമുള്ള ധാരാളം വീടുകൾക്ക് വിള്ളൽ വീണിട്ടുണ്ട്. പൊടിശല്ല്യവും വെടിശബ്ദവും രാപ്പകൽ വ്യത്യാസമില്ലാതെ വലിയ ലോറികൾ ഓടിക്കൊണ്ടിരിക്കുന്നതും എല്ലാം ചേരുമ്പോൾ സ്വസ്ഥമായി ഒരു ദിവസം പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ആസ്മ,അലർജി, ചൊറിച്ചിൽ,ത്വക് രോഗങ്ങൾ തുടങ്ങി മാനസിക പിരിമുറുക്കം വരെ അനുഭവിച്ചാണ് ജനങ്ങൾ ജീവിക്കുന്നത്. ഇവിടം വിട്ടുപോകാമെന്ന് കരുതിയാൽ വീടുവെച്ച് താമസിക്കുന്നതിന് ആരും ഭൂമി വാങ്ങാൻ തയാറുമല്ല. കിട്ടിയ വിലയ്ക്ക് ക്വോറി ഉടമകൾക്ക് തന്നെ വിറ്റു പോകുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
മാർച്ച് 30ന് വടകര ആര്‍.ഡി.ഒയുടെ അധ്യക്ഷതയില്‍ കൊയിലാണ്ടി താലൂക്കാപ്പീസിൽ ചേര്‍ന്ന യോഗമാണ് ക്വാറി ഉടമകൾക്കനുകൂലമായ തീരുമാനമെടുത്തത്. രണ്ട് മാസം മുമ്പാണ് ഖനനം നിർത്തിവെക്കാൻ ആർ ഡി ഒ ഉത്തരവിട്ടത്. ഖനനം നിര്‍ത്തിവെച്ച തീരുമാനം നിയമപ്രകാരം പുനപരിശോധിക്കാന്‍ ജിയോളജിസ്റ്റിന് നിര്‍ദേശം നല്‍കിയിരുന്നു.
ആര്‍ ഡി ഒയുടെ നിര്‍ദേശപ്രകാരം ജില്ലാ ജിയോളജിസ്റ്റ് ക്വാറിയില്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ക്വാറി പ്രവർത്തനം നിർത്തി വെക്കേണ്ട നിലയിലുള്ള നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ലന്ന് തഹസില്‍ദാര്‍ സി പി മണി അറിയിച്ചു.
ക്വാറിയുടെ പരിസരങ്ങളിലെ വീടുകളില്‍ രൂപപ്പെട്ടിട്ടുള്ള വിള്ളലുകളും മറ്റ് അപാകതകളും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ പരിശോധിച്ച് നിര്‍ദേശിക്കുന്നത് പ്രകാരം ക്വാറി ഉടമകള്‍ സി എസ് ആര്‍ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതാണെന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതിനു പുറമേ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, സ്‌റ്റേറ്റ് എന്‍വിറോണ്‍മെന്റ് ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റി, ഗ്രാമപഞ്ചായത്ത്, ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, പി ഇ എസ് ഒ ( പെട്രോളിയം എന്റ് എക്സ്പ്ലോസീവ്‌സ് സേഫ്റ്റി ഓർഗ്ഗനൈസേഷൻ) എന്നിവര്‍ നല്‍കിയിട്ടുള്ള ലൈസന്‍സിലേയും പെര്‍മിറ്റിലേയും നിബന്ധനകള്‍ ക്വാറി ഉടമകള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചട്ടപ്രകാരം പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ച തീരുമാനം പുനപരിശോധിക്കുന്നതിനോട് ക്വാറിയ്‌ക്കെതിരെ സമരം നടത്തുന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിയോജിപ്പ് അവർ യോഗത്തിൽ രേഖപ്പെടുത്തുകയും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്‌തെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികൾ വ്യക്തമാക്കി.
വടകര ആര്‍ ഡി ഒയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 30ന് കൊയിലാണ്ടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന യോഗത്തിൽ ക്വാറി ഉടമകളുടെയും റവന്യൂ അധികൃതരുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും പ്രതിനിധികളാണ് പങ്കെടുത്തത്.
സ്റ്റോപ്പ് മെമ്മോ നല്‍കി ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യം നിലവിലില്ലയെന്നാണ് ജിയോളജിസ്റ്റ് യോഗത്തില്‍ അറിയിച്ചത്. ആനപ്പാറയില്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ ലൈസന്‍സുകളും ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബൗണ്ടറി പില്ലര്‍, ഫെന്‍സിങ് എന്നിവ സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ക്വാറി ഉടമകള്‍ അത് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയതിന് ഉടമകളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് ജിയോളജിസ്റ്റ് യോഗത്തെ അറിയിച്ചു.
യോഗത്തില്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിര്‍മ്മല, കൊയിലാണ്ടി തഹസില്‍ദാര്‍ സി പി.മണി, ജില്ലാ ജിയോളജിസ്റ്റ് പി സി രശ്മി, കൊയിലാണ്ടി സിഐ, എന്‍ സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ സവിത നിരത്തിന്റെ മീത്തല്‍, വില്ലേജ് ഓഫീസര്‍ കെ അനില്‍കുമാര്‍, ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ പ്രജീഷ്, സുബീഷ് ഇല്ലത്ത്, ലക്ഷ്മി ദിനേഷ്, കെ എം ജിഷാര, ക്വാറി പ്രതിനിധികളായ മുഹമ്മദ് ഇസ്മയില്‍, കെ കെ അബ്ദുള്‍ ലത്തീഫ്, എ കെ ഡേവിസണ്‍, എ ഇ അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.