ആനപ്പാറ ക്വാറിയിലെ ഖനനം നടുവത്തൂർ കുലുങ്ങുന്നു
കൊയിലാണ്ടി: കീഴരിയൂര്‍ പഞ്ചായത്തിലെ നടുവത്തൂര്‍ ശിവക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നും പാറ പൊട്ടിക്കുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാവുന്നു. അന്‍പത് ശതമാനത്തോളം പാറ പൊട്ടിച്ചു കഴിഞ്ഞു. ഇപ്പോള്‍ ലോഡ്കണക്കിന് മണ്ണ് മാറ്റി മണ്ണിനടിയിലെ പാറപൊട്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. പാറ പൊട്ടിക്കലിന്റെ ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ ആയി ക്വാറിയില്‍ ഖനനം തുടങ്ങിയിട്ട്. ഇത് ഈ പ്രദേശത്തിന്റെ പാരസ്ഥിതിക സന്തുലിനാവസ്ഥയ്ക്ക് കോട്ടം തട്ടി. പ്രദേശത്തെ ഒരിക്കലും വറ്റാത്ത കിണറുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനലിന് മുന്‍പേ വറ്റി തുടങ്ങി. സന്നദ്ധ സംഘടനകളും, യുവജന സംഘടനകളും ആണ് അന്ന് ഈ പ്രദേശങ്ങില്‍ കുടിവെള്ളം വിതരണം ചെയ്തത്. ക്വാറിയ്ക്ക് സമീപം അംഗന്‍വാടി പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിയ്‌ക്കെതിരെ അംഗന്‍വാടിയിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും പരാതിയുണ്ട്. നടുവത്തൂര്‍ ശിവക്ഷേത്രം – കുറുമയില്‍ താഴെ റോഡ് തകര്‍ന്നത് ഈ ക്വാറി കാരണമാണ്. ക്വാറിയുടെ അനധികൃത ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. രഞ്ജിത്ത് കെ.കെ അദ്ധ്യക്ഷം വഹിച്ചു. പ്രജീഷ്.എന്‍.എം, സോജേഷ്.പി.കെ, സുജിത്ത്.കെ.കെ, സുഗേഷ്.പി.എം, ജിതേഷ്.പി.കെ, പ്രജീഷ്.ടി എന്നിവര്‍ സംസാരിച്ചു.