ആനയും കടുവയും കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ല – ഊരുമൂപ്പൻ കണ്ടത് മറ്റൊരു കടുവയെ

പൂയംകുട്ടി വനത്തില്‍ അനയെയും കടുവയെയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. ഒരാഴ്ച മുമ്പ് ചത്ത ആനയുടെ ശവം ഭക്ഷിക്കുന്നതിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതാണ് പെൺ കടുവയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പുതിയ നിഗമനം. സംഭവ സ്ഥലത്ത് നേരത്തെ രണ്ടാമതൊരു കടുവ കൂടിയുണ്ടായിരുന്നു എന്ന് ആദിവാസി മൂപ്പൻ വനംവകുപ്പിന് വിവരം നൽകി. ഇവ തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത് എന്നാണ് പ്രദേശവാസികളും വിവരം നൽകിയത്.

ഇടമലയാര്‍ റേഞ്ചിലെ വാരിയംകുടി ആദിവാസി കോളനിക്കു സമീപമാണ് കഴിഞ്ഞ ദിവസം കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തിയത്. ആനയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇരു മൃഗങ്ങളും കൊല്ലപ്പെട്ടതാകാമെന്ന സൂചനയാണ്  ഉണ്ടായിരുന്നത്. ഇൻക്വസ്റ്റ് തയ്യാറാക്കിയ വനംവകുപ്പ് സംഘം ഇരു മുൃഗങ്ങളെയും പോസ്റ്റുമോർട്ടം ചെയ്തു. ഇൻക്വസ്റ്റ് പരിശോധനയിൽ തന്നെഇരു മൃഗങ്ങളും ചത്തത് ഒരാഴ്ചയ്ത്തെ ഇടവേളയിലാണെന്ന് കണ്ടെത്തി. ആന രണ്ടാഴ്ച മുമ്പും കടുവ ഒരാഴ്ച മുമ്പുമാണ് ചത്തതെന്നത് ദുരൂഹത വർധിപ്പിച്ചു.

ഇതിനിടെയാണ് പ്രദേശത്ത് രണ്ടാമതൊരു കടുവയുടെ സാന്നിദ്ധ്യം സംബന്ധിച്ച് ആദിവാസി മൂപ്പൻ വിവരം നൽകിയത്. ജഡങ്ങള്‍ കണ്ടെത്തിയ പുല്‍മേട്ടില്‍ നിന്ന് ഒന്നരകിലോ മീറ്റര്‍ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസികോളനിയിലെ മൂപ്പന്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു.

ഇതോടെ നേരത്തെ ചത്ത ആനയുടെ ശവം ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കടുവകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായാണ് വനംവകുപ്പിന്‍റെ നിഗമനം.ആനയുടെ ജഡം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. അതേസമയം മൃഗങ്ങളുടെ മരണ കാരണത്തിൽ കൂടുതൽ വ്യക്തത വരാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നാണ് നടപടികള്‍ക്കു നേതൃത്വം നല്‍കിയ മലയാറ്റൂര്‍ ഡിഎഫ്‌ഒ രവികുമാര്‍ മീണ അഭിപ്രായപ്പെട്ടത്.

എട്ട് വയസ് പ്രായമുള്ള കൊമ്പനാനയാണ് ചത്തത്. ആന ചത്തത് കടുവയുടെ ആക്രമണത്തിലാണോ രോഗം മൂലമാണോയെന്ന് ഇപ്പോൾ വ്യക്തമല്ല. കടുവയുടെ മരണ കാരണവും പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിക്കേണ്ടതുണ്ട്.

കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് വന്യജീവി വിദഗ്ധന്‍ ഡോ. പി എസ് ഈസ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മുമ്പ് ആനയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് വർഷങ്ങൾക്ക് മുൻപാണ്. 2009-10 ല്‍ സൈലന്റ് വാലി വനത്തിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. 2017ല്‍ വയനാട്ടില്‍ കടുവകള്‍ ആനകളെ കൊല്ലുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈലന്‍റ് വാലിയിൽ ആനയും കടുവയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും രേഖപ്പെടുത്തിയിരുന്നു.

കേരളത്തിലെ വനമേഖല പുതിയൊരു ഏറ്റുമുട്ടലിന് വേദിയാവുകയാണോ എന്നതാണ് ഇപ്പോൾ വനഗവേഷകരുടെ അന്വേഷണം.

Comments
error: Content is protected !!