ആഭ്യന്തരവിമാന സര്‍വീസുകളുടെ ടിക്കറ്റു നിരക്ക് ഇരട്ടിയായി വര്‍ദ്ധിച്ചു
കോഴിക്കോട്: ആഭ്യന്തരവിമാന സര്‍വീസുകളുടെ ടിക്കറ്റു നിരക്കില്‍ ഇരട്ടിവര്‍ധന. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാനാവാത്ത വിധത്തിലാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ, എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയവയുടെ ടിക്കറ്റു നിരക്കില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്.
കോഴിക്കോട്ടു നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ നേരിട്ടു പോകുന്നതിന് നേരത്തേ 5000 രൂപയ്ക്ക് താഴെ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ 8000 മുതല്‍ 9000 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. നേരിട്ടല്ലാതെ മറ്റിടങ്ങളില്‍ക്കൂടി പോകുന്ന വിമാനമാണെങ്കില്‍ 22,000 രൂപ വരെയായി ഉയർന്നിട്ടുണ്ട്.
കോഴിക്കോട്ടു നിന്ന് മുംബൈയിലേക്ക് നേരിട്ടു പോകാന്‍ 6500 രൂപയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ബെംഗളൂരു വഴിയാകുമ്പോള്‍ 8000, ഹൈദരാബാദ് വഴി 11,000 രൂപയുമാണ്. വിവിധ ക്ലാസുകള്‍ക്കനുസരിച്ച് നിരക്ക് കുറയുകയും കൂടുകയും ചെയ്യും.
മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ ഇപ്പോള്‍ വളരെ കുറവായതിനാലാണ് ടിക്കറ്റു നിരക്കില്‍ വലിയ വര്‍ധനയുണ്ടായത്. കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സര്‍വീസും ഇല്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ യുറോപ്യന്‍ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കൂടുതലായി പോകുന്നതിനാല്‍ ടിക്കറ്റു നിരക്ക് കൂടുതലുണ്ട്.
എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായിലേക്ക് പോയി വരുന്നതിന് 18,510 രൂപ മാത്രമേ ആകുന്നുള്ളൂ. എയര്‍ ഇന്ത്യയില്‍ 24,000 രൂപയും സ്‌പൈസ് ജെറ്റില്‍ 19,500 രൂപയാണ് നിരക്ക്. ഇതില്‍ ദിവസം മാറുന്നതിനനുസരിച്ചും അവധിദിവസങ്ങളിലും വര്‍ധന ഉണ്ടാകും.