ആമസോണില്‍ തുളസിയിലയെന്ന പേരില്‍ വിറ്റത് കഞ്ചാവ്, എക്‌സിക്യൂട്ടിവിനെ വിളിച്ചുവരുത്തി. അന്വേഷണം
മധ്യപ്രദേശില്‍ 20 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയ കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കഞ്ചാവ് വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ആമസോണ്‍ ഉപയോഗിച്ചെന്ന പ്രതികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ അന്വേഷണം വിപുലമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആമസോണിന്റെ ലോക്കല്‍ എക്‌സിക്യൂട്ടിവുകളെ പോലീസ് വിളിച്ചുവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ വിശദീകരണം നല്‍കാന്‍ ആമസോണിന്റെ അഭിഭാഷകരും പോലീസിനെ കാണും.
കഴിഞ്ഞദിവസമാണ് 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതോടെയാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ വഴിയാണ് കഞ്ചാവ് വാങ്ങുകയും വില്‍ക്കുകയും ചെയ്തതെന്ന മൊഴി ലഭിച്ചത്. ഉണക്കിയ തുളസിയിലയെന്ന പേരില്‍ ഏകദേശം 1000 കിലോഗ്രാം കഞ്ചാവ് ആമസോണ്‍ വഴി വില്‍പ്പന നടത്തിയെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഇതോടെയാണ് ആമസോണ്‍ വഴി എങ്ങനെയാണ് കഞ്ചാവ് വില്‍പ്പന നടത്തിയതെന്ന് കണ്ടെത്താന്‍ അന്വേഷണം വിപുലമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബില്‍ പോലീസ് സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. കഞ്ചാവ് അടങ്ങിയ പാര്‍സലുകള്‍ ഡെലിവറി ചെയ്തതിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനാണ് ഇവിടെ പരിശോധന നടത്തിയത്.
‘നിര്‍മ്മിതബുദ്ധി അടക്കം ഉപയോഗിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് ആമസോണ്‍. അവരുടെ പ്ലാറ്റ്‌ഫോമില്‍ ഇത്തരത്തിലുള്ള കച്ചവടം നടക്കുന്നത് വലിയ സംഭവമാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മനോജ് സിങ് പറഞ്ഞു. എങ്ങനെയാണ് ഇത് സാധ്യമായതെന്ന് വിശദീകരിക്കാനാണ് ആമസോണ്‍ എക്‌സിക്യൂട്ടീവുമാരെ വിളിച്ചുവരുത്തിയതെന്നും കമ്പനിയുടെ അഭിഭാഷകര്‍ പോലീസിനെ കാണാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.