ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി; അലോപ്പതി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് രോഗികള്‍
കോഴിക്കോട്: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി നല്‍കിയതിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് രോഗികള്‍. അതിരാവിലെ ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയ പലരും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാരെ കാണാനാകാതെ മടങ്ങി. അതേസമയം, ഗുരുതരാവസ്ഥയില്‍ എത്തുന്നവര്‍ക്കും അടിയന്തര ശ്രദ്ധ വേണ്ടവര്‍ക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു.
പലരും ആശുപത്രികളില്‍ എത്തിയ ശേഷമാണ് സമരത്തെക്കുറിച്ച് അറിയുന്നത്. മെഡിക്കല്‍ കോളജുകളില്‍ എത്തിയവരാണ് വലഞ്ഞവരില്‍ അധികവും. പലരും ദൂരസ്ഥലങ്ങളില്‍ നിന്ന് അതിരാവിലെ എത്തിയവരാണ്.
സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പുറമേ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.