CALICUTDISTRICT NEWSKOYILANDI
ആരും ഒറ്റയ്ക്കല്ല; സമൂഹം കൂടെയുണ്ട് സ്നേഹിത കോളിംഗ് ബെല്‍ വാരാചരണം
ആരോരും ആശ്രയമില്ലാത്തവര്‍ക്ക് കൈത്താങ്ങാവാന്‍ വേറിട്ട പദ്ധതിയുമായി കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ആവശ്യമായ സാമൂഹികവും മാനസികവുമായ പിന്തുണ ലഭ്യമാക്കുകയാണ് ‘സ്നേഹിത കാളിംഗ് ബെല്‍’ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്നേഹിത കോളിംഗ് ബെല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സില്‍ തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത പി.സി പദ്ധതി വിശദീകരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സിന്ധു കോളിംഗ് ബെല്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.കെ. രാഘവന്‍ എം.പി കോഴിക്കോട് കോര്‍പ്പറേഷനിലെ തടമ്പാട്ടുതാഴത്തും എം.എല്‍.എമാരായ സി.കെ. നാണു – അഴിയൂര്‍, കാരാട്ട് റസാഖ്-കൊടുവള്ളി, കെ. ദാസന്‍ – കൊയിലാണ്ടി, അഡ്വ. പി.ടി.എ റഹീം – ചാത്തമംഗലം, പുരുഷന്‍ കടലുണ്ടി – ബാലുശ്ശേരി, ജോര്‍ജ്ജ് എം തോമസ് – തിരുവമ്പാടി, ഇ.കെ. വിജയന്‍ – ചെക്ക്യാട് എന്നിവിടങ്ങളിലും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഒളവണ്ണയിലും പരിപാടിയില്‍ പങ്കെടുത്തു.
അസുഖം ബാധിച്ച് കിടപ്പിലായവര്‍, സ്വന്തമായി കിടപ്പാടമില്ലാത്തവര്‍, സുരക്ഷിതത്വം വേണ്ട ആളുകള്‍ എന്നിങ്ങനെ വിവിധ മേഖലകളായി തരം തിരിച്ചാണ് സഹായമൊരുക്കുക. ഇവരുടെ പ്രശ്നങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെയും ഇതര അനുബന്ധ സര്‍ക്കാര്‍ വകുപ്പുകളുടെയും ശ്രദ്ധയില്‍ പെടുത്തി അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നേടിക്കൊടുക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ അവശ്യരേഖകള്‍ ഇല്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി അവ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഗുണഭോക്താക്കളുടെ വ്യക്തിഗത പ്ലാനുകള്‍ തയ്യാറാക്കി പ്രത്യേകം പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടും.
Comments