KERALA

ആരോഗ്യ ഇൻഷുറൻസ് ‘കുരുക്കിൽ’; പദ്ധതിയിൽ ഭാഗമാകാൻ 80 ആശുപത്രികൾ മാത്രം

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുളള ആരോഗ്യ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്) കുരുക്കിൽ. 80 സ്വകാര്യ ആശുപത്രികളേ പദ്ധതിയുടെ ഭാഗമാകാൻ തയാറായിട്ടുള്ളൂ. വൻകിട സ്വകാര്യ ആശുപത്രികൾ പലതും ചേർന്നിട്ടില്ല. സർക്കാർ സ്ഥാപനങ്ങളായ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ (ആർസിസി), മലബാർ കാൻസർ സെന്റർ (എംസിസി) എന്നിവയും വിട്ടുനിൽക്കുന്നു.

 

പ്രതിസന്ധി പരിഹരിക്കാൻ ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജൂൺ ഒന്നിന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന പദ്ധതി അടുത്ത മാസമെങ്കിലും പ്രാബല്യത്തിലാക്കാനുള്ള മാർഗങ്ങൾ തേടുകയാണു സർക്കാർ. കാരുണ്യ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്) പോലെ ഈ പദ്ധതിയുടെയും നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷുറൻസിനെയാണ് ഏൽപിച്ചിരിക്കുന്നത്. കാസ്പിൽ 340 സ്വകാര്യ ആശുപത്രികളെ ചേർക്കാനായി. ഏറെ സമ്മർദങ്ങൾക്കൊടുവിൽ ആർസിസി, എംസിസി എന്നിവയെയും ചേർത്തു. എന്നാൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇപ്പോഴും ചേർന്നിട്ടില്ല.

 

ഈ 3 സ്ഥാപനങ്ങളെയും മെഡിസെപ്പിന്റെ ഭാഗമാക്കിയില്ലെങ്കിൽ പദ്ധതി ഫലപ്രദമാകില്ല. വ്യാഴാഴ്ചത്തെ യോഗം ഇക്കാര്യം പരിശോധിക്കും. ഇൻഷുറൻസ് കമ്പനിയാണ് ആശുപത്രികളെ കണ്ടെത്തേണ്ടതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരും വേണ്ട സഹായം നൽകും. മെഡിസെപ് യാഥാർഥ്യമാകാതിരിക്കാൻ മറ്റു സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ശ്രമിക്കുന്നതായി ആരോപണമുണ്ട്.

 

സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടുന്ന 11 ലക്ഷം കുടുംബങ്ങൾ നിലവിൽ വിവിധ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പോളിസി എടുത്തിട്ടുണ്ട്. സർക്കാരിന്റെ പദ്ധതി ആരംഭിച്ചാൽ ഇവർ കൂട്ടത്തോടെ പിൻവാങ്ങുമെന്നു മനസ്സിലാക്കിയാണ് മെഡിസെപ്പിനെതിരെ ആസൂത്രിത നീക്കം. പദ്ധതിയോടു സ്വകാര്യ ആശുപത്രികൾക്കും താൽപര്യമില്ല. ആയിരത്തഞ്ഞൂറിലേറെ ചികിത്സകൾക്കു സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളതിനാൽ അതിലേറെ തുക ഈടാക്കാനാവില്ല.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button