ആര്യങ്കാവിൽ പാൽ പിടികൂടിയ സംഭവത്തിൽ ക്ഷീരവികസന വകുപ്പിന്റെ വാദം പാൽ വിതരണ കമ്പനി തള്ളി
ആര്യങ്കാവിൽ പാൽ പിടികൂടിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. പത്ത് ദിവസം കഴിഞ്ഞിട്ടും പാൽ ചീത്തയായിരുന്നില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദം പാൽ വിതരണ കമ്പനി തള്ളി . പാൽ പൂർണമായും ചീത്തയായിരുന്നുവെന്ന് കമ്പനിയുടെ അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചെന്നാണ് കമ്പനി അവകാശപ്പടുന്നത്.
ആര്യങ്കാവിൽ പിടികൂടിയ 15,300 ലിറ്റർ പാൽ കഴിഞ്ഞദിവസമാണ് കോടതി നിർദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് നശിപ്പിച്ചത്. മുട്ടത്തറ സീവേജ് പ്ലാന്റിലാണ് പാൽ നശിപ്പിച്ചത്. പിടികൂടി പത്ത് ദിവസം കഴിഞ്ഞ് നശിപ്പിക്കുമ്പോഴും പാൽ ചീത്തയായിട്ടില്ലെന്നായിരുന്നു ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ പറഞ്ഞത്. ഇത് പാൽ കൊണ്ടുവന്ന അഗ്രി സോഫ്റ്റ് ഡയറി തള്ളി.
എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പാലിൽ മായം കണ്ടെത്താനാകാത്തതോടെയാണ് വിവാദമായത്. പരിശോധന വൈകിയതാണ് കാരണമെന്ന് പറഞ്ഞ് ക്ഷീരവികസനവകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ പഴിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ആരോപണം തള്ളി. ഇതിനിടെ ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ലാബിൽ നടത്തിയ പരിശോധനയിലും ഹ്രഡൈജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്താനായില്ലെന്ന് മന്ത്രി ചിഞ്ചുറാണി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.