ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മത്സര വള്ളംകളി രണ്ട് കൊല്ലത്തിന് ശേഷം
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് വള്ളംകളിയുടെ ഫ്ലാഗ് ഓഫ്. 50 പള്ളിയോടങ്ങൾ പമ്പയാറ്റിൽ ആറന്മുള ശൈലിയിൽ തുഴയെറിയും. രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് വള്ളംകളി നടക്കുക. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സര വള്ളംകളി നടക്കുന്നത്
പമ്പയിലെ ജലരാജക്കാന്മാരെ കണ്ടെത്താനാണ് മണിക്കൂറുകൾക്കം പള്ളിയോടങ്ങൾ മത്സരിച്ച് തുഴയെറിയുക. 50 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളായി ആണ് വള്ളംകളി. ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് രണ്ട് ബാച്ചിലും മന്നം ട്രോഫി ലഭിക്കും. വേഗത്തിന് പ്രാധാന്യം നൽകാതെ വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. ജലോത്സവത്തോടനുബന്ധിച്ച് പമ്പയിൽ ജലനിരപ്പ് നേരത്തെ തന്നെ ക്രമീകരിച്ചിട്ടുണ്ട്. പ്രളയം, കൊവിഡ് എന്നിവ മൂലം താളം തെറ്റിയ വള്ളംകളി ഇടവേളയ്ക്ക് ശേഷം ഇക്കുറി പൂർണ തോതിൽ നടത്തപ്പെടുന്നതിനാൽ വലിയ ജനപങ്കാളിത്തം സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്.
വള്ളംകളി നടക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി വില്ലേജുകളില്‍ അബ്കാരി നിയമ പ്രകാരം ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കടകള്‍, കള്ളുഷാപ്പുകള്‍, ബാറുകള്‍, ബിവറേജസ് ഷോപ്പുകള്‍ എന്നിവയും മറ്റു ലഹരി വസ്തുക്കളും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതുമായ കൗണ്ടറുകള്‍ തുറക്കുന്നതിനും അനുവദിക്കില്ല. വ്യക്തികള്‍ മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.