ആറുകോടി വിലമതിക്കുന്ന ഹഷീഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര വിപണിയിൽ ആറുകോടി വിലമതിക്കുന്ന ഹഷീഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അഹമ്മദ് സുഹൈൽ (23), കല്ലായി സ്വദേശി അലോക് (24) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ഇരുവരും അധികൃതർക്ക് മൊഴി നൽകി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ പാലക്കാട് വന്നിറങ്ങി കോഴിക്കോട്ടേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു ഇരുവരും.
മലബാർ മേഖല കേന്ദ്രീകരിച്ച് വിദേശരാജ്യങ്ങളിലേക്ക് ലഹരിമരുന്നുകൾ കടത്തുന്ന വൻമാഫിയ സംഘങ്ങളിലെ കണ്ണികളാണ് ഇരുവരുമെന്ന് പ്രാഥമിക അന്വേഷണത്തിൽ വെളിവായതായി അധികൃതർ അറിയിച്ചു. ആർ.പി.എഫ് സർക്കിൾ ഇൻസ്പെക്ടർ എൻ. കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, ആർ.പി.എഫ് എസ്.ഐമാരായ ദീപക് എ.പി, എ.പി. അജിത് അശോക്, എക്സൈസ് ഇൻസ്പെക്ടർ കെ. നിഷാന്ത്, എ.എസ്.ഐമാരായ കെ. സജു, എസ്.എം. രവി എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.