ആഴ്ചകള്‍ക്കിടെ ദിവാകരനെ തേടി ഭാഗ്യമെത്തിയത് മൂന്ന് തവണ; ആദ്യം 10,000, പിന്നെ 1000, ഒടുവില്‍ ഒരുകോടി
കോഴിക്കോട്:ആഴ്ചകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണയാണ് ദിവാകരനെ ഭാഗ്യദേവത കടാക്ഷിച്ചത്. രണ്ടാഴ്ച മുമ്പെടുത്ത രണ്ട് ലോട്ടറിടിക്കറ്റുകള്‍ക്ക് 5000 രൂപ വീതമാണ് ആദ്യം ലഭിച്ചത്. കിട്ടിയ പൈസ കൊണ്ട് വീണ്ടും 10 ടിക്കറ്റെടുത്തു. അതില്‍ 1000 രൂപ അടിച്ചു. പിന്നാലെ മൂന്നാമതൊരു ടിക്കറ്റ് കൂടി എടുത്തു. കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ്. വെള്ളികുളങ്ങര സ്വദേശി നിര്‍മാണത്തൊഴിലാളിയായ ദിവാകരനെ തേടി ഇക്കുറി എത്തിയത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ.
എന്നും രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താന്‍പോകുന്ന ശീലമുണ്ട് ദിവാകരന്. ഞായറാഴ്ച അങ്ങനെ നീന്താന്‍ പോയവഴിയാണ് ലോട്ടറിവില്‍പ്പനക്കാരനെ കണ്ടതും ടിക്കറ്റെടുത്തതും. പണമില്ലാത്തതിനാല്‍ സുഹൃത്തിനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്. വൈകിട്ട് ഫലം വന്നെങ്കിലും ഒന്നാംസമ്മാനം അടിച്ചവിവരം ദിവാകരന്‍ അറിഞ്ഞില്ല. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് സമ്മാനവിവരം അറിഞ്ഞത്. ഗിരിജയാണ് ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ് മക്കള്‍. കുറച്ച് കടബാധ്യതയുള്ളത് തീര്‍ക്കണമെന്നുള്ളതാണ് പ്രധാന ആഗ്രഹമെന്ന് സമ്മാനമടിച്ചശേഷം ദിവാകരന്‍ പറഞ്ഞു.