ആവിക്കൽ പ്രതിഷേധത്തിൽ സംഘര്‍ഷം
കോഴിക്കോട്: കോഴിക്കോട് ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു. റോഡ് ഉപരോധിച്ചവരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയവര്‍ സ്റ്റേഷനുള്ളിലും പ്രതിഷേധിക്കുകയാണ്. പൊലീസ് തങ്ങളെ ആക്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.
മലിനജല പ്ലാന്റ് പണി തുടങ്ങാന്‍ നീക്കം തുടങ്ങിയതോടെ നാട്ടുകാര്‍ രാവിലെ പ്രതിഷേധിച്ച് സംഘടിക്കുകയായിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ സ്ഥലത്ത് വന്‍ പൊലീസെത്തി. മലിനജല പ്ലാന്റ് നിർമാണത്തിനെതിരായി നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മേയറും ജില്ലാകളക്ടറും.
ആവിക്കല്‍ തോടിന് സമീപത്താണ് കോഴിക്കോട് കോര്പറേഷന് മലിനജല പ്ലാന്റ് നിര്‍മിക്കുന്നത്. ആവശ്യത്തിന് ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ട് പോകുന്നതെന്ന് മേയര്‍ ബീനാ ഫിലിപ്പ് പ്രതികരിച്ചിരുന്നു. സമരം തുടരണോയെന്ന കാര്യത്തില്‍ നാട്ടുകാരാണ് തീരുമാനം എടുക്കേണ്ടതെന്നും മേയര്‍ പറഞ്ഞു.