DISTRICT NEWS
ആർട്ട് ഗാലറിക്കെതിരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; ശില്പവും ചില്ലുവാതിലും തകർന്നു
കോഴിക്കോട് : സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ ലളിതകലാ ആർട് ഗ്യാലറിയിൽ പ്രദർശനത്തിന് വെച്ച ശില്പവും ഒന്നാം നിലയിലെ ചില്ലുവാതിലും തകർന്നു. കൊൽക്കത്ത ശാന്തിനികേതൻ ഫൈനാർട്സ് വിദ്യാർത്ഥിയും നിലമ്പൂർ അമരമ്പലം സ്വദേശിയുമായ പി സുരഭി പ്രദർശനത്തിന് ഒരുക്കിയ സെറാമിക് ശില്പങ്ങളിലൊന്നാണ് തകർന്നത്. റെയിൽ ഭാഗത്ത് നിന്നുണ്ടായ കല്ലേറിൽ ചില്ലു വാതിൽ തകർത്തെത്തിയ കല്ല് ശില്പത്തിന്റെ തലതകർക്കുകയായിരുന്നു എന്നാണ് അനുമാനം. കാലത്ത് ശില്പി പ്രദർശന വേദിയിലെത്തിയപ്പോഴാണ് ശില്പവും വാതിലും തകർന്നത് ശ്രദ്ധയിൽ പെട്ടത്. വർഷ ങ്ങളായി ആർട്ട് ഗ്യാലറിക്കും ക്രൗൺ തിയറ്ററിനും പിറകിലുള്ള റെയിൽപ്പാതയും ചുറ്റുപാടുകളും സാമൂഹ്യ വിരുദ്ധരുടേയും മദ്യ മയക്കുമരുന്ന് സംഘങ്ങളുടേയും താവളമാണെന്ന ആക്ഷേപം ശക്തമാണ്. ഇവരുടെ ശല്യം കുറയ്ക്കുന്നതിന് ഈ ഭാഗങ്ങളിൽ ധാരാളം വെളിച്ചം സ്ഥാപിച്ചിരുന്നു. അവ എറിഞ്ഞ് തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ, കല്ലുപതിച്ചാവാം ശില്പവും വാതിലും തകർന്നതെന്നാണ് പോലീസ് നിഗമനം. കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും ടൗൺ എസ് ഐ അനൂപ് കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. പ്രശസ്ത ചിത്രകാരനായ മദനൻ മദ്യപസംഘത്തിനെതിരെ പ്രതികരിച്ചതിന്, ഏതാനും വർഷം മുമ്പുണ്ടായ തെറിയഭിഷേകം ഇപ്പോൾ ഓർക്കാവുന്നതാണ്. ചില കൊലപാതകങ്ങൾ ഉൾപ്പെടെ ധാരാളം കുറ്റകൃത്യങ്ങൾ ഈ മേഖലയിൽ പതിവാണെങ്കിലും പോലീസ് വേണ്ടതുപോലെ ജാഗ്രത കാണിക്കുന്നില്ലെന്ന അഭിപ്രായവും കലാകാരന്മാർക്കിടയിലുണ്ട്. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് കാലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഇന്ന് വൈകീട്ട് (വെള്ളി) ആർട്ട് ഗാലറി പരിസരത്ത് ഒത്തുചേരും.
Comments
Post Views: 15