ആർ എസ്സ് എസ്സ് പ്രവർത്തകനു നേരെ ആക്രമണം; പിന്നിൽ എസ് ഡി പി ഐ എന്നാക്ഷേപം
കൊയിലാണ്ടി : ക്ഷേത്ര പൂജാരിയും ആർ എസ്സ് എസ്സ് പ്രവർത്തകനുമായ ഉപ്പാലക്കണ്ടി നിജു എന്ന അർഷിദിനു നേരെ ആക്രമണം. ബുധനാഴ്ച രാത്രി 10 മണിയോടെ ചെങ്ങോട്ട്കാവ് കവലാട് വെച്ച് ആക്രമിച്ചതായാണ് പരാതി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിജുവിനെ പിന്നീട് മെഡിക്കൽ കോളേജിലെക്ക് മാറ്റി. രാത്രി കാപ്പാട് ഓട്ടോയിൽ ആളെ ഇറക്കി തിരിച്ചു വരുമ്പോൾ പിൻതുടർന്നെത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. എസ് ഡി പി ഐ പ്രവർത്തകരാണ് അക്രമത്തിന്ന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. കഴിഞ്ഞ ദിവസം ഫിഷിംഗ് ഹാർബറിലുണ്ടായ ചില സംഭവങ്ങളുടെ തുടർച്ചയാകാം ആക്രമണമെന്നും പ്രതികൾക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
റൂറൽ എസ്. പി. എ ശ്രീനിവാസ് ,ഡി വൈ എസ് പി. അബ്ദുൾ ഷെരീഫ്, സി ഐ. എൻ. സുനിൽകുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തി. ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും, ഏരിയാ കമ്മിറ്റിയും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ് കിഷ്, ജില്ലാ ട്രഷറർ വി കെ ജയൻ, വായനാരി വിനോദ്, ഉണ്ണികൃഷ്ണൻ മുത്താമ്പി,ഏരിയ പ്രസിഡണ്ട് രവി തുടങ്ങിയവർ ആവശ്യപ്പെട്ടു.