ഇടിമിന്നലിൽ ഒഞ്ചിയത്ത് ആറു വീടുകൾക്ക് നാശനഷ്ടം
വടകര : തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ആറ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. മഠത്തിൽകുന്നുമ്മൽ ബാബു, രേവതി, നാരായണി, ബാലൻ, അജിത്ത്, പുളിഞ്ഞോളി രാജഗോപാലൻ തുടങ്ങിയവരുടെ വീടുകളിലാണ് നാശനഷ്ടങ്ങളുണ്ടായത്. കെ.എസ്.ഇ.ബി., വില്ലേജ്, പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. വയറിങ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, കെട്ടിടം എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
നാദാപുരം : മുടവന്തേരിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. നിടിയപറമ്പത്ത് ലീലയുടെ വീടാണ് തകർന്നത്. വീട്ടിലെ മിക്സി, ഗ്രൈൻഡർ, ടെലിവിഷൻ തുടങ്ങിയവ പൂർണമായും ഉപയോഗ്യശൂന്യമായി. വീടിന്റെ ചുമരുകൾക്ക് കനത്ത കേട്പാട് സംഭവിച്ചു. വൈദ്യുതമീറ്ററും സർവീസ് ലൈനും പൂർണമായും കത്തിനശിച്ചു. വൈദ്യുതമീറ്റർ സ്ഥാപിച്ച ചുമരിന് ശക്തമായ വിള്ളലുണ്ട്. വയറിങ് പൈപ്പ് പൂർണമായും കത്തിയനിലയിലാണ്.