KERALA
ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ ഇന്നലെ വരെ രോഗികളെ പരിശോധിച്ചു
ഇടുക്കി ഏലപ്പാറ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി ജില്ലാ കലക്ടർ. കൊവിഡ് രോഗികൾ ഏറിയതോടെ ഹൈറേഞ്ചിൽ നിയന്ത്രണം കർശനമാക്കി. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡുകളിൽ ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വണ്ടന്മേട്ടിലെ രോഗി ചികിത്സ തേടിയ അണക്കരയിലെ സ്വകാര്യ ആശുപത്രിയും അടച്ചു.
ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കൊവിഡ് സ്ഥിരീകരിച്ച ഇന്നലെ വരെ രോഗികളെ പരിശോധിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടിയവരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ ശേഖരിച്ച് ഇവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. വണ്ടന്മേട്ടിൽ രോഗം സ്ഥിരീകരിച്ച യുവാവ് നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയതായാണ് വിവരം. ഇയാൾ മൂന്ന് തവണ സന്ദർശിച്ച അണക്കരയിലെ ആശുപത്രി താത്കാലികമായി അടച്ച് അണുവിമുക്തമാക്കി. നീരീക്ഷണ കാലവധിക്ക് ശേഷവും ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ജില്ലയിലെ ലോക്ക് ഡൗൺ ഇളവുകൾ ചുരുക്കി. അതിർത്തിയിൽ പരിശോധന കർശനമാക്കി.
ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത് പത്ത് പേരാണ്. ജില്ലാ അതിർത്തിയിലെ 28 വാർഡുകളിലും കൊവിഡ് സ്ഥിരീകരിച്ച എട്ട് പഞ്ചായത്തുകളിലും സമ്പൂർണ ലോക്ക് ഡൗൺ തുടരുകയാണ്. പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ പരിശോധന സാമ്പിളുകൾ ശേഖരിക്കുന്നത് വർധിപ്പിച്ചു. 157 പേരുടെ പരിശോധന ഫലം ഇനി പുറത്തുവരാനുണ്ട്. ജില്ലയിലെ നിലവിലെ സ്ഥിതി വിലയിരുത്താൻ നാളെ മന്ത്രി എം എം മണിയുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ചേരും.
Comments