ഇടുക്കി കുമളിയില്‍ തെരുവുനായ ആക്രമണത്തിൽ ഏഴ് പേര്‍ക്ക് കടിയേറ്റു

ഇടുക്കി കുമളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് കടിയേറ്റു. വലിയ കണ്ടം, ഒന്നാംമൈൽ, രണ്ടാം മൈൽ എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്.
മിക്കവർക്കും കാലിലാണ് കടിയേറ്റത്. സാരമായ പരിക്കേറ്റിട്ടുണ്ട്. നായയുടെ കടിയേറ്റവരിൽ ഒരു തൊഴിലാളി സ്ത്രീയും ഉൾപ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ നായ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. വീടിൻ്റെ ഗേറ്റ് പൂട്ടി നായയെ ഒറ്റപ്പെടുത്തിയ ശേഷം മയക്കുമരുന്ന് കുത്തിവച്ച് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഓമല്ലൂർ സ്വദേശി തുളസി വിജയൻ്റെ വീട്ടിൽ ആണ് പട്ടി കയറിയത്. 62 വയസുള്ള തുളസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രാവിലെ 8 മണിയോടെ നായ ഗേറ്റിലൂടെ വീട്ടുവളപ്പിലേക്ക് കയറി. രാവിലെ മുതൽ തന്നെ നായ പേ ലക്ഷണങ്ങൾ കാണിച്ചതോടെ നാട്ടുകാർ വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
തുടർന്ന് പട്ടിപിടുത്തക്കാർ എത്തി നായയെ വല വച്ച് പിടികൂടി. തുടർന്ന് ആനയെ മയക്കാൻ ഉപയോഗിക്കുന്ന സൈലസിൻ എന്ന മരുന്ന് കുറഞ്ഞ അളവിൽ കുത്തി വെച്ച് നായയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അടുത്ത 10 ദിവസം നായയെ നിരീക്ഷിക്കും.