DISTRICT NEWS

ഇനി കുട്ടികളും തരും കാലാവസ്ഥാ മുന്നറിയിപ്പ്

കാലാവസ്ഥയിലെ മാറ്റങ്ങളും മഴയുടെ അളവുമെല്ലാം ഇനി കായണ്ണ ​ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ചെന്നാൽ അറിയാം. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെയാണ് സ്കൂളിൽ വെതർ സ്റ്റേഷൻ ഒരുക്കിയത്. ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കുന്നതിനായാണ് സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾകൊള്ളിച്ച്‌ ‘കേരള സ്കൂൾ വെതർ സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും വെതർ സ്റ്റേഷനുകൾ സഹായിക്കും. മഴയുടെ തോത് അളക്കുന്നതിനുള്ള ‘മഴമാപിനി’, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെർമോമീറ്ററുകൾ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ‘വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ’, കാറ്റിന്റെ ദിശ അറിയുന്നതിനായുളള ‘വിൻഡ് വെയ്ൻ’ കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന ‘കപ്പ് കൗണ്ടർ അനിമോമീറ്റർ’ തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങൾ കായണ്ണ സ്കൂളിലും സ‍ജ്ജീകരിച്ചു കഴിഞ്ഞു.

സ്കൂളിന് സമീപത്തെ സ്ഥലങ്ങളിലെ ദിനാവസ്ഥ സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും മുൻകൂട്ടി മനസ്സിലാക്കാൻ സ്റ്റേഷന്റെ പ്രവർത്തനങ്ങളിലൂടെ കഴിയും. വെതർ സ്റ്റേഷനിലൂടെ ശേഖരിക്കുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ വിദ്യാർത്ഥികളിൽ ഗവേഷണ പരിശീലനത്തിനും കാർഷിക- വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾക്കും ഉതകുന്നതാണ്. പദ്ധതിയിലൂടെ വിദ്യാർത്ഥികളിൽ കാലാവസ്ഥയെ കുറിച്ച് കൂടുതൽ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കാനും, കാലാവസ്ഥ മാറ്റങ്ങളും, വിവിധ കാലാവസ്ഥ അവസ്ഥകളും മനസിലാക്കാനും സാധിക്കും.

സ്കൂളിലെ ജോ​ഗ്രഫി അധ്യാപകന്റെ നേതൃത്വത്തിലുള്ള പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സംഘമാണ് വെതർ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button