‘ഇനി കേട്ടു കേട്ടറിയാം’ റേഡിയോ സിയു സ്വാതന്ത്ര്യദിനത്തില്‍ പാടിത്തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍നെറ്റ് റേഡിയോ ആയ ‘റേഡിയോ സിയു’ സ്വാതന്ത്ര്യദിനത്തില്‍ പ്രേക്ഷേപണം തുടങ്ങും. വ്യാഴാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം റേഡിയോയുടെ നിയമാവലിക്ക് അംഗീകാരം നല്‍കി. ‘ഇനി കേട്ടു കേട്ടറിയാം’ എന്നതാണ് റേഡിയോ സിയുവിന്റെ ടാഗ് ലൈന്‍. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പദ്ധതി. സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ റേഡിയോ പ്രക്ഷേപണത്തിന്റെ പ്രഖ്യാപനം ശബ്ദ സന്ദേശത്തിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. കഥാകൃത്ത് ടി. പത്മനാഭനാണ് മുഖ്യാതിഥി. സര്‍വകലാശാലയുടെ ടീച്ചിങ് ലേണിങ് സെന്ററില്‍ (ടി.എല്‍.സി.) ആണ് സ്റ്റുഡിയോ സജ്ജമാക്കിയിരിക്കുന്നത്. വിജ്ഞാനത്തോടൊപ്പം വിനോദവും കൂടി പകരുന്നതാകും പരിപാടികളുടെ ഉള്ളടക്കം.
കാമ്പസ് പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്കും അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കുമെല്ലാം റേഡിയോ പരിപാടിയില്‍ പങ്കാളികളാകാന്‍ കഴിയും. പരീക്ഷണാടിസ്ഥാനത്തില്‍ radiocu@uoc.ac.in എന്ന പോര്‍ട്ടല്‍ വഴിയാണ് സംപ്രേഷണം. സര്‍വകലാശാലാ അറിയിപ്പുകളും സംശയനിവാരണങ്ങളും ഉള്‍പ്പെടെ തുടക്കത്തില്‍ ഒരു മണിക്കൂറാകും പരിപാടികള്‍. വൈകാതെ പ്രത്യേകം ആപ്പ് തയ്യാറാക്കും. വിദ്യാര്‍ഥി ക്ഷേമം മുന്‍നിര്‍ത്തിയാണ് പദ്ധതി ഒരുക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. യോഗത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എം. മനോഹരന്‍, കെ.കെ. ഹനീഫ, ഡോ. ഷംസാദ് ഹുസൈന്‍, റേഡിയോ ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, പ്രോഗ്രാം എക്സിക്യുട്ടീവ് പി. സുജ, സൗണ്ട് റെക്കോഡിസ്റ്റ് യു. അനൂപ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പി.ആര്‍. 1125/2022