ഇന്ന് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റി
കേരളത്തിലെ മോട്ടോര്‍ വ്യവസായ മേഖലയെ കരകയറ്റുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വലിയ പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല ഇന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടി ഉടന്‍ കൈകൊള്ളുമെന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ബസുടമകളുടെ ചര്‍ച്ചക്ക് ശേഷം മന്ത്രി പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ ഇന്ന് (4.2.2020) നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം സംയുക്ത സമരസമിതി മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മാറ്റി. ബസ് ചാര്‍ജ് വര്‍ധന, ടാക്‌സ് സംബന്ധിച്ച് ബസുടകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാനായി ഫെബ്രുവരി 20 നുള്ളില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനോട് ഹിയറിങ്ങ് നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
ടാക്‌സ് ഈടാക്കുന്നത് സംബന്ധിച്ച് ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും. ബസുകളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് ഈ മാസം 14ന് അവസാനിക്കുന്നതിനാല്‍ ഡിസംബര്‍ 31 വരെ നീട്ടുവാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് സംബന്ധിച്ച് പുനരാലോചന നടത്തും. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകത പരിഹരിക്കാനുള്ള നടപടിയുണ്ടാകുമെന്നും കാര്‍ഡുകള്‍ കൊടുക്കുന്നതിന് ഡിജിറ്റലൈസ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍, ബസ് ഉടമകള്‍, മറ്റു ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് നിര്‍ദേശങ്ങള്‍ തയ്യാറാക്കും.
22 സീറ്റുകളില്‍ കൂടുതലുള്ള ശീതികരിച്ച ബസുകള്‍ക്ക് സര്‍വീസ് നടത്തുന്നതിനായി പെര്‍മിറ്റ് വേണമെന്ന വ്യവസ്ഥയില്‍ നിന്ന് അവയെ ഒഴിവാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനത്തിനുള്ള സര്‍ക്കാരിന്റെ വിയോജിപ്പ് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത്, കോഴിക്കോട് റീജ്യനല്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ബീനീഷ്, സംയുക്ത സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജനറല്‍ കണ്‍വീനര്‍, ഗോപിനാഥ്, കെ.ജി സുരേഷ് കുമാര്‍, ബിപിന്‍ ആലപ്പാട്ട്, ജോസ് ആട്ടോക്കാരന്‍, ജോസ് കുഴുപ്പില്‍ മറ്റു സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.