ഇരുട്ടു കൊണ്ട് ഓട്ടയടക്കൽ നടന്നില്ല; കൊയിലാണ്ടി നഗരത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ എടുത്തു മാറ്റി
കൊയിലാണ്ടി: അപകടം തുടർക്കഥയായ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻപിൽ ദേശീയപാതയിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറുകൾ എടുത്തുമാറ്റി. ഇന്നു പുലർച്ചെയും ചരക്ക് ലോറി ഡിവൈഡറിൽ കയറി അപകടം സംഭവിച്ചിരുന്നു. ഡിവൈഡർ സ്ഥാപിച്ചതിനു ശേഷം 25 ലധികം വാഹനങ്ങൾ ഡി വൈഡറിൽ കയറി അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. സൗന്ദര്യവൽക്കരണ നടപടികളുടെ ഭാഗമായി ദേശീയപാത അധികൃതരാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. വേണ്ടത്ര വെളിച്ചവും, ഡിവൈഡർ മുന്നറിയിപ്പുകളും മറ്റ് ബോർഡുകളും ഇല്ലാത്തതാണ് അപകടങ്ങൾ തുടർക്കഥയാകാൻ കാരണമെന്ന് പറയുമ്പോഴും യഥാർത്ഥ കാരണങ്ങൾ അധികൃതർ പരിഗണിക്കുന്നില്ല.
പൂഴിച്ചാക്ക് നിരത്തി സാമ്പിൾ ഡിവൈഡറുകൾ സ്ഥാപിച്ച സമയത്ത് തന്നെ ഇത് അപകടങ്ങൾ കൂട്ടുകയാണ് ചെയ്യുക എന്ന് കലിക്കറ്റ് പോസ്റ്റ് മുന്നറിയിപ്പു നൽകിയിരുന്നു. വീതി തീരേ കുറഞ്ഞ നഗരഹൃദയ ഭാഗത്തേക്ക് എല്ലാവിധ വാഹനങ്ങളും ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാലേ ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കാൻ കഴിയൂ.
നഗരത്തിൽ നിന്ന് പുറത്തേക്ക് മാറ്റാവുന്ന മൃഗാശുപത്രി പോലുളള സ്ഥാപനങ്ങൾ പുറത്തേക്ക് മാറ്റുകയും വേണം. 30 മീറ്റർ വീതിയിൽ റോസ് വീതികൂട്ടുന്നതിനുള്ള ഭൂമി, പതിറ്റാണ്ടുകൾ മുമ്പ് തന്നെ നഗരത്തിലൊരുക്കിയിട്ടുണ്ട്. ഇതനുസരിച്ച നിർമ്മാണ പ്രവൃത്തികളാണ് പിന്നീട് നഗരത്തിൽ നടന്നിരുന്നത്. മുപ്പത് മീറ്ററിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ നഗരസഭ അനുമതി നൽകിയിരുന്നില്ല. മുപ്പത് മീറ്ററിന് പുറത്ത് നിരനിരയായി പുതിയ കടമുറികളും മറ്റും സ്വകാര്യ വ്യക്തികൾ നിർമ്മിച്ചിട്ടുമുണ്ട്. പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ റിപ്പയർ ചെയ്യാനോ പുതുക്കാനോ നഗരസഭ അനുവദിച്ചിരുന്നില്ല. എന്നാൽ അടുത്ത കാലത്തായി ചില ലോബികൾ ഇടപെട്ട് ഇത്തരം നിയന്ത്രണങ്ങളൊക്കെ മാറ്റിയിട്ടുണ്ട്. ഫുട്പാത്ത് കയ്യേറി കടമുറികൾ നിൽക്കുന്നത് പോലും നിയന്ത്രിക്കാൻ നഗരസഭ ശ്രമിക്കുന്നില്ല. ബസ്സുകൾ നഗര കേന്ദ്രത്തിലേക്ക് വരാതെ ബോയ്സ് ഹൈസ്കൂളിന് മുമ്പിൽ നിന്ന് റെയിൽവേ ലൈനിന് സമാന്തരമായ റോഡിലൂടെ ബസ്സ്റ്റാന്റിൽ പ്രവേശിച്ച് കൊരയങ്ങാട് തെരു ഭാഗത്തുകൂടെ ദേശീയ പാതയിലേക്കെത്താൻ കഴിയുംവിധം ഇറോഡുകൾ വികസിപ്പിക്കാനുള്ള പദ്ധതിയും തയാറാക്കായിരുന്നു. പക്ഷേ ഇത്തരം പദ്ധതികളൊന്നും പിന്നീട് നടപ്പിലായില്ല. ബസ് സ്റ്റാന്റിന്റെ ഓരത്ത് നിയമവിരുദ്ധമായി കെട്ടിടം പണിയാൻ അനുമതി നൽകിയതോടെ അതു വഴി റോഡു നിർമ്മികാനുള്ള മാർഗ്ഗം അടയുകയും ചെയ്തു. സമഗ്രമായ പരിഷ്കരണ നടപടികളിലൂടെയല്ലാതെ നഗരത്തിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാനാവില്ലെന്ന് ബന്ധപ്പെട്ട അധികൃതർ എത്രവേഗം തിരിച്ചറിയുന്നോ അപ്പോഴെ കൊയിലാണ്ടി നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനാകൂ.