ഇലന്തൂരിലെ നരബലി നടത്തിയ പ്രതികൾക്കായി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ആളൂർ അറിയിച്ചതിന് പിന്നാലെ കോടതിക്കുള്ളിൽ ആളൂരും പൊലീസുമായി തർക്കം. പ്രതികളെ കാണാൻ അനുവദിക്കണമെന്നായിരുന്നു ആളൂരിന്റെ ആവശ്യത്തിൽ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന് എ സി പി ജയകുമാർ വ്യക്തമാക്കിയതോടെയാണ് സംഭവം തർക്കത്തിലേക്കെത്തിയത്. പ്രതികളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അപേക്ഷ തയാറാക്കുകയാണ്. ഭീഷണി വേണ്ടെന്ന് അഭിഭാഷകനോട് എ സി പിയും, എ സി പിക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകനും ആവശ്യപ്പെട്ടു.
ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നീ മൂന്ന് പ്രതികൾക്കുവേണ്ടിയും താൻ ഹാജരാകുമെന്നാണ് ആളൂർ അറിയിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആളൂരും എത്തിയത്. പ്രതികൾ ശരീരഭാഗങ്ങൾ പാകം ചെയ്ത് ഭക്ഷിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നരബലിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ ഇരകളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കണമെന്ന് ഷാഫി ഭഗവൽ സിംഗിനേയും ഭാര്യ ലൈലയേയും ബോധ്യപ്പെടുത്തി. ലൈല നേരിട്ടാണ് ശരീരഭാഗങ്ങൾ പാകം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.
റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി ചോര വീട്ടിൽ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്. രണ്ട് കുഴിയിലായാണ് ശരീരഭാഗങ്ങൾ നിക്ഷേപിച്ചത്.
ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരൻ എന്ന് പൊലീസ് പറയുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്ലിനെയും റഷീദ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് റഷീദ് ഭഗവൽ സിംഗിനെ ബന്ധപ്പെട്ടത്. വലിയ സിദ്ധൻ എന്ന് പറഞ്ഞ് റഷീദ് തന്റെ നമ്പർ ഭഗവൽ സിങ്ങിന് നൽകി. ദമ്പതികൾ പൂർണമായും ഷാഫി പറയുന്ന മനോനിലയിൽ എത്തി.
Post Views: 19