ഇ കെ പി അനുസ്മരണവും പുരസ്കാര സമർപ്പണവും
കൊയിലാണ്ടി: കോവിഡ് കാലം സർഗ്ഗാത്മകമാക്കിയ കലാപ്രതിഭയ്ക്കുള്ള ഇ കെ പി പുരസ്കാരം പ്രശസ്ത ചിത്രകാരൻ സായീ പ്രസാദിന് സമ്മാനിച്ചു.
കുറുവങ്ങാട് ശക്തി തിയറ്റേഴ്സിൻ്റെ സ്ഥാപകാംഗവും നാടകപ്രവർത്തകനുമായിരുന്ന ഇ കെ പി ( ഇ കെ പത്മനാഭൻ) യുടെ പതിനേഴാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടിയിലാണ് ഉപഹാര സമർപ്പണം നടന്നത്. ശക്തി തിയറ്റേഴ്സും ശക്തി പബ്ലിക്ക് ലൈബ്രറിയും ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ചിത്രകാരനും കവിയുമായ യു.കെ.രാഘവൻ നിർവ്വഹിച്ചു. സായിപ്രസാദ് ചിത്രകൂടം പുരസ്കാരം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡൻ്റ് കെ.സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. പ്രോത്സാഹന സമ്മാന ജേതാവ്, ബാല ശങ്കറിനുള്ള ഉപഹാരം, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണു സമ്മാനിച്ചു. എൻ.വി ബാലകഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാരം സമ്മാനിച്ചതിലുള്ള നന്ദിയറിയിച്ച് സായീ പ്രസാദും ബാലശങ്കറും സംസാരിച്ചു. ശക്തി തിയറ്റേഴ്സ് സെക്രട്ടറി എൻ.കെ.മുരളി സ്വാഗതവും ലൈബ്രറി സെക്രട്ടറി എൻ.കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.