ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ
ഈ മാസം 18-ാം തിയതി മുതൽ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഓണം ഫെയർ ഉത്രാട ദിനമായ ഓഗസ്റ്റ് 28 വരെ നടക്കും. ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയിൽ നിന്നും അഞ്ച് രൂപ വിലക്കുറവിൽ അഞ്ച് ഉത്പന്നങ്ങൾ സപ്ലൈകോ വിപണിയിലെത്തിക്കും.
18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങൾ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങൾ 23 നുമാണ്. അതേസമയം സബ്സിഡി ഇനത്തിൽ നൽകിവരുന്ന 13 ഭക്ഷ്യ വസ്തുക്കളിൽ മൂന്ന് ഇനത്തിന്റെ കുറവ് മാത്രമാണ് സ്റ്റോറുകളിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ എ.സി സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്. സബ്‌സിഡി സാധനങ്ങൾക്ക് പുറമേ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് കോംബോ ഓഫറുകൾ അടക്കം വലിയ ഓഫറുകളാണ് നൽകുന്നത്. ഇതു പ്രകാരം 5 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.