ഉച്ചക്കഞ്ഞി ഫണ്ട് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പ്രധാനദ്ധ്യാപകർ സ്കൂൾ മേളകൾ ബഹിഷ്കരിക്കാനൊരുങ്ങുന്നു
ഓണം കഴിഞ്ഞാൽ ഉച്ചക്കഞ്ഞി ഫണ്ട് വർദ്ധിപ്പിക്കാമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ് നടപ്പിലാവാത്തതോടെ സ്കൂൾ മേളകൾ ഉൾപ്പെടെയുള്ള സർക്കാർ പരിപാടികൾ ബഹിഷ്കരിക്കാൻ എയ്ഡഡ് മേഖലയിലെ പ്രധാനദ്ധ്യാപകർ ഒരുങ്ങുന്നു. ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോഴേക്കും ഉച്ചക്കഞ്ഞിതുക വർദ്ധിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ഓണാവധിക്ക് ശേഷവും പഴയ അവസ്ഥ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മേളകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പ്രധാനദ്ധ്യാപകർ എത്തിച്ചേർന്നത്.
ഇപ്പോഴും 2016ലെ നിരക്കിലാണ് ഉച്ചക്കഞ്ഞിക്ക് ഫണ്ടനുവദിക്കുന്നത്. ഇതോടെ നൂറ് കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ ഈ അദ്ധ്യയനവർഷം തുടങ്ങിയ ശേഷം ഉച്ചഭക്ഷണം നൽകിയ വകയിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ കടക്കാരായ പ്രധാനദ്ധ്യാപകരുമുണ്ട്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം നിഷേധിക്കുന്നത് സമരമാർഗമല്ലെന്നുള്ളതിനാലാണ് കടംവാങ്ങിയും നഷ്ടം സഹിച്ചും തുടരുന്നത്.
ഈ വിഷയമുന്നയിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലാതലത്തിൽ പ്രധാനദ്ധ്യാപകർ സമരത്തിലാണ്. ഓണം നാളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ പട്ടിണി സമരം പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് വിളിച്ചപ്പോൾ ഓണം അവധി കഴിഞ്ഞ ശേഷം ഫണ്ട് വർദ്ധിപ്പിക്കാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നു.
ഇനി സ്കൂൾമേളകളുടെ കാലമാണ്. അതിന്റെ സംഘാടനത്തിനും ഓടി നടക്കേണ്ടത് ഈ പ്രധാനദ്ധ്യാപകരാണ്. ഫണ്ട് കൂട്ടുന്ന കാര്യത്തിൽ തീരുമാനമാകുന്നില്ലെങ്കിൽ പരിപാടികൾ ബഹിഷ്കരിക്കാനാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ തീരുമാനമെന്ന് കെ പി പി എച്ച്എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ പറഞ്ഞു. ഇതിന് രാഷ്ട്രീയഭേദമന്യേ കേരളത്തിലെ എയ്ഡഡ് മേഖലയിലെ മുഴുവൻ പ്രധാനദ്ധ്യാപകരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.