ഉത്സവത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടുപോവുകയായിരുന്ന ആനയുടെ കൊമ്പ് ലോറിയില്‍ തട്ടി പിളര്‍ന്നു
തൃശൂര്‍: ഉത്സവത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടുപോവുകയായിരുന്ന ആനയുടെ കൊമ്പ് ലോറിയുടെ കാബിന്‍ ഗ്രില്ലില്‍ തട്ടി പിളര്‍ന്നു. വടക്കാഞ്ചേരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുപോകവെയാണ് തൃശൂര്‍ കുട്ടന്‍കുളങ്ങര ദേവസ്വത്തിന്റെ ആന അര്‍ജുനന്റെ രണ്ട് കൊമ്പുകളുടെയും അഗ്രം പിളര്‍ന്നത്. പരിക്ക് ഗുരുതരമല്ല.അപകടത്തെ തുടര്‍ന്ന് ആനയെ എഴുന്നള്ളിപ്പുകളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കി. പിളര്‍ന്ന കൊമ്പിന്റെ ഭാഗം വനം വകുപ്പ് ശേഖരിച്ചു.
ആനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോകുമ്പോഴുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക്‌ഫോഴ്‌സ് സെക്രട്ടറി വി. കെ. വെങ്കിടാചലം കലക്ടര്‍ക്ക് പരാതി നല്‍കി. കൊമ്പ് പിളരുന്ന തരത്തിലുള്ള ഇടിയാണ് ആനയ്ക്ക് ഏറ്റതെങ്കില്‍ ആന്തരിക ക്ഷതത്തിന് സാധ്യതയുണ്ടെന്നും ആനയെ പരിശോധനക്ക് വിധേയമാക്കി നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.