Uncategorized

ഉദ്ഘാടനത്തിനൊരുങ്ങി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ


ഉദ്ഘാടനത്തിനൊരുങ്ങി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ. കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ ഒക്ടോബർ 2 ഉച്ച 12 മണിക്ക് നാടിന് സമർപ്പിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയത്‌. ആറുവരിയുള്ള സിന്തറ്റിക്‌ ട്രാക്ക്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ കോർട്ടുകൾ എന്നിവയാണ് ഫെസിലിറ്റേഷൻ സെൻ്ററിലുള്ളത്. കൂടാതെ, മൂന്നു നിലകളിലായി മൾട്ടി ജിം, ഇൻഡോർ ഗെയിം ഏരിയ, ജമ്പിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവയുമുണ്ട്.

2019 നവംബറിലാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ഏജൻസിയായ കിറ്റ്‌കോയുടെ നിയന്ത്രണത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് പണി പൂർത്തിയാക്കിയത്.

പൊതുവിദ്യാഭ്യാസ യജ്ഞത്തിൽ ഉൾപ്പെടുത്തി നേരത്തെ മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉർത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളാണ് ഒരുക്കിയത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നിലവിൽ നാലായിരത്തോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

ചടങ്ങിൽ സംസ്ഥാന വിദ്യാലയ മികവ് പുരസ്കാര വിതരണവും കായക പ്രതിഭകൾക്കുള്ള അനുമോദനവും മന്ത്രി നിർവഹിക്കും. കെ മുരളീധരൻ എം.പി മുഖ്യാതിഥിയാകും. യു.എസ്.എസ് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും വി.എച്ച്.എസ്.ഇ ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്തും നിർവഹിക്കും. ജനപ്രതിനിധികൾ, ഉദ്യോ​ഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button