ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഭേദപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ്
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഭേദപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇന്ന് ബംഗളൂരൂവിലേക്ക് മാറ്റില്ലെന്ന് ഡോക്ടർ മഞ്ജു തമ്പി. ന്യൂമോണിയ കുറഞ്ഞെന്നും ആന്റിബയോട്ടിക്കിനോട് പ്രതികരിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ നല്ല മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർ പറഞ്ഞു.
പനിയും ശ്വാസംമുട്ടലുമുള്ള അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. നല്ല പ്രഷറില്‍ ഓക്സിജന്‍ നല്‍കുന്ന ഉപകരണം ഉമ്മന്‍ചാണ്ടിയില്‍ ഘടിപ്പിച്ചിരുന്നു. ഇന്നു രാവിലെ ആ ഉപകരണം മാറ്റി. അദ്ദേഹം നല്ല രീതിയില്‍ സംസാരിക്കാനും തുടങ്ങി. ആരോഗ്യം നല്ല രീതിയില്‍ മെച്ചപ്പെട്ട ശേഷം ബംഗളൂരിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാല്പത്തിയെട്ട് മണിക്കൂറിലാണ് ഈ മാറ്റം ദൃശ്യമായിരിക്കുന്നത്. സര്‍ക്കാരിന്റെ മെഡിക്കല്‍ ബോര്‍ഡ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം നടപ്പിലാക്കുന്നുണ്ട്. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പോഴപ്പോള്‍ സര്‍ക്കാരിനു കൈമാറുന്നുണ്ട്-മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു.