ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കുന്നു
ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കണമെന്നും ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടര്‍മാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവരും സംസാരിച്ചു.
തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓ ആര്‍ എസ് എന്നിവ കരുതണം. പൊതുജനങ്ങള്‍ക്ക് ഇത്തരം ‘തണ്ണീര്‍ പന്തലുകള്‍’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നല്‍കണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്‌കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തും.