ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി മാഹിൻ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി
ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി മാഹിൻ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി. മാഹിൻ കണ്ണിൻറെ ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് ഇരുവരെയും കോടതിയിൽ ഹാജരാക്കും. വിദ്യയേയും മകൾ ഗൗരിയെയും കൊന്നത് പങ്കാളി മാഹിൻ കണ്ണാണെന്ന് ഇന്നലെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
അമ്മയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ടാണ് മാഹിൻ കണ്ണ് കൊന്നത്. രണ്ടുപേരെയും ഇനിയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. 2011 ഓഗസ്റ്റ് 19ന് കുളച്ചലിൽ നിന്ന് കിട്ടിയ വിദ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കേസ് രേഖകൾ ശേഖരിച്ചിട്ടുണ്ട്.
2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നല്‍കിയ മൊഴി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്.