കല്പത്തൂര്‍ മുണ്ടകുളങ്ങര ചെനക്കല്‍ മുക്ക് റോഡ് നവീകരണത്തില്‍ അഴിമതി നടന്നതായി ആരോപണം
പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂര്‍ മുണ്ടാകുളങ്ങര ചെനക്കല്‍ മുക്ക് റോഡ് നവീകരണത്തില്‍ അഴിമതി നടന്നതായി പരാതി. റോഡ് പ്രവർത്തിയിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൊച്ചാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നാട്ടുകാർ പരാതി നൽകി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് റോഡ് നവീകരണത്തിന് തുക വകയിരുത്തിയത്. 25 ലക്ഷം രൂപ ചെലവില്‍ 750 മീറ്ററോളം ദൂരത്തില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ഏറെ പരിഹാരമാവുന്നതായിരുന്നു പദ്ധതി. ആറ് റീച്ചുകള്‍ ആയി നവീകരണ പ്രവര്‍ത്തനം നടന്നെങ്കിലും ആവശ്യത്തിന് സിമന്റോ എംസാന്റോ മെറ്റലോ ഉപയോഗിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിയില്‍ പറയുന്നു. അംഗീകൃത അളവില്‍ ഇവ ഉപേയാഗിക്കാത്തതിനാല്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം ഇപ്പോള്‍ തന്നെ പൊട്ടിപൊളിയാന്‍ തുടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്നതും ഉറവ ഉള്ളതുമായ ഇടവഴികളാണ് നവീകരിച്ചതില്‍ ഭൂരിഭാഗവും. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് ഉള്‍ഭാഗം പൊള്ളയായതിനാല്‍ കോണ്‍ക്രീറ്റിന് മുകളില്‍ തട്ടിയാല്‍ ശബ്ദം കേള്‍ക്കുന്നതായും നാട്ടുകാര്‍ പറയുന്നു. മെറ്റീരിയല്‍ പഞ്ചായത്ത് വാങ്ങി നല്‍കുകയും കോണ്‍ക്രീറ്റ് വിദഗ്ധ തൊഴിലാളികളെയും അവിദഗ്ധ തൊഴിലാളികളെയും ഉള്‍പ്പെടുത്തി നടത്തേണ്ട വര്‍ക്ക് ആയിട്ടും ഒറ്റ തൊഴിലുറപ്പ് തൊഴിലാളിയെ പോലും ഇതില്‍ ഉള്‍പ്പെടുത്തിയതായി കണ്ടിട്ടില്ലന്ന് ഇവര്‍ ആരോപിക്കുന്നു. തൊഴില്‍ കാര്‍ഡ് ഉള്ള, പണിക്ക് പോകാത്ത തൊഴിലാളികളുടെ കാര്‍ഡുകള്‍ സ്വരൂപിച്ച് മസ്‌ട്രോള്‍ അടിച്ചു ഒപ്പിടുവിച്ചു പണം അവരുടെ അക്കൗണ്ടില്‍ വന്നതിനുശേഷം പണമെടുത്ത് കോണ്‍ട്രാക്ടര്‍ക്ക് കൊടുക്കുന്ന ഒരു രീതിയാണ് ഇവിടെ കണ്ടുവരുന്നതെന്നും അവർ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ പണി നഷ്ടപ്പെടുന്നതിനും റോഡിന്റെ ഗുണനിലവാരം കുറയുന്നതിനും കാരണമായതായി പരാതിയില്‍ പറയുന്നു. വിജിലൻസിനും ഓംബുഡ്സ്മാനും പരാതി നൽകാനുള്ള തെയ്യാറെടുപ്പിലാണ് പ്രദേശത്തുകാർ.