വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ ആക്രമണത്തെ അപലപിച്ച് എസ്എഫ്‌ഐ ;എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നു വി പി സാനു
വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ ആക്രമണത്തെ അപലപിച്ച് എസ്എഫ്‌ഐ. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷന്‍ വി പി സാനു പറഞ്ഞു. ഒരു വ്യക്തിക്കെതിരെയല്ല മറിച്ച്, വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ്. അത് സ്വാഭാവികമാണ്. മാര്‍ച്ച് എസ്എഫ്‌ഐ തീരുമാനിച്ചതല്ലെന്നും വി പി സാനു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വി പി സാനു കൂട്ടിചേർത്തു.
എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയോ അനുവാദത്തോടെയോ അല്ല മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡണ്ട് അനുശ്രിയും മാധ്യമങ്ങളോട് പറഞ്ഞു. പൊതുവിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത് അക്രമാസക്തമായത് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല. അക്രമത്തെ അപലപിക്കുന്നു. പരിശോധിച്ച് തെളിയുന്ന ഘട്ടത്തില്‍ നടപടി സ്വീകരിക്കുമെന്നും അനുശ്രി പറഞ്ഞു.