എം ശിവശങ്കര്‍ നല്‍കിയ സ്വയം വിരമിക്കല്‍ അപേക്ഷ ചീഫ് സെക്രട്ടറി തളളി
എം ശിവശങ്കര്‍ നല്‍കിയ സ്വയം വിരമിക്കല്‍ അപേക്ഷ ചീഫ് സെക്രട്ടറി തളളി. ഇ ഡി കേസും അച്ചടക്കനടപടിയും ചൂണ്ടികാണിച്ചാണ് സ്വയം വിരമിക്കല്‍ അപേക്ഷ തള്ളിയത്. 2023 ജനുവരി വരെ സര്‍വീസുള്ള ശിവശങ്കറിനു കഴിഞ്ഞദിവസം കൂടുതല്‍ ചുമതല നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പാണ് വിരമിക്കല്‍ അപേക്ഷയുമായി എം ശിവശങ്കര്‍ സര്‍ക്കാരിനു മുന്നിലെത്തിയത്. ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയതിനു പുറമേ മുഖ്യമന്ത്രിയുടെ ഓഫിസിനേയും ഇക്കാര്യം അറിയിച്ചിരുന്നു.
എന്നാല്‍ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനു സ്വയം വിരമിക്കല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന അഖിലേന്ത്യാ സര്‍വീസ് ചട്ടം ചൂണ്ടികാണിച്ചാണ് സര്‍ക്കാര്‍ നടപടി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസിന്‍റേയും ഇഡിയുടേയും കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. വിരമിക്കല്‍ സമയത്ത് ചീഫ് വിജിലന്‍സ് കമ്മിഷണര്‍ ക്ലിയറന്‍സ് ആവശ്യമാണ് . കേസ് നടക്കുന്ന സമയത്ത് വിജിലന്‍സ് ക്ലിയറന്‍സും കിട്ടില്ല. മാത്രമല്ല സ്വപ്നാ സുരേഷിനു സ്പെയ്സ് പാര്‍ക്കില്‍ ജോലി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് സ്വയം വിരമിക്കല്‍ അപേക്ഷ തള്ളിയത്. ക്സറ്റംസും ഇഡിയും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കോടതിയെ സമീപിക്കുന്നതിനാണ് സ്വയം വിരമിക്കല്‍ അപേക്ഷ എന്നാണ് ശിവശങ്കര്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുള്ളത്. സര്‍വീസില്‍ കയറിയപ്പോള്‍ സ്പോര്‍ട്സ് , യുവജന കാര്യങ്ങളുടെ ചുമതലയാണ് നല്‍കിയത്. കഴിഞ്ഞ ദിവസം മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല വകുപ്പുകളുടെ അധിക ചുമതലയും ശിവശങ്കറിനു സര്‍ക്കാര്‍ നല്‍കിയിരുന്നു.