MAIN HEADLINES

എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

തിരുവനന്തപുരം: എല്‍ഡിഎഫ് സിപിഐ എമ്മിന്‌ അനുവദിച്ച രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന കമ്മിറ്റിയംഗവും, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെ സിപിഎം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ  പങ്കെടുത്ത സിപിഎം അവെയിലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മൂന്ന് രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ സിപിഐ എമ്മും സിപിഐയുമാണ്‌ മത്സരിക്കുന്നത്‌. സിപിഐ സ്ഥാനാർഥിയായി കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ്‌ കുമാറിനെ നിശ്‌ചയിച്ചിരുന്നു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹിം വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്‌ദിക്കാനുള്ള അവസരമാണ്‌ പാർട്ടി നൽകിയിരിക്കുന്നതെന്ന്‌ സിപിഐ എം രാജ്യസഭ സ്ഥാനാർഥി എ എ റഹീം. വലിയ ഉത്തരവാദിത്തമാണ്‌ പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും, അതിനെക്കുറിച്ച്‌ നല്ല ബോധ്യവുമുണ്ടെന്നും റഹീം പറഞ്ഞു.

രാജ്യത്തെ പാർലമെന്റ്‌ വളരെ പ്രധാനപ്പെട്ട ഒരു സമരകേന്ദ്രമായി മാറിയിട്ടുണ്ട്‌. ഭരണഘടന സംരക്ഷിക്കാനുള്ള വലിയ പോരാട്ടത്തിന്‌ പാർലമെന്റിലേക്ക്‌ എത്താനുള്ള അവസരം പൂർണമായി രാഷ്‌ട്രീയ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുതന്നെ വിനിയോഗിക്കും. എണ്ണത്തിൽ കുറവെങ്കിലും പാർലമെന്റിൽ വലിയ ചലനമുണ്ടാക്കാൻ ഇടതുപക്ഷത്തെ പ്രതിനിധികൾക്ക്‌ സാധിക്കാറുണ്ട്‌.

രാജ്യത്ത്‌ ഉയർന്നുവരുന്ന പ്രധാനപ്പെട്ട പ്രക്ഷോഭവും സമരവും തൊഴിലില്ലായ്‌മക്കെതിരെയാണ്‌. യുവജനതയെ ബാധിക്കുന്ന തൊഴിലില്ലായ്‌മ, തൊഴിൽ സ്ഥിരതയില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഉയർത്തിപ്പിടിച്ച്‌ പാർലമെന്റിന്‌ മുന്നിൽ സംസാരിക്കാനും ഇന്ത്യയിലെ യുവത്വത്തിന്‌ വേണ്ടി പ്രവർത്തിക്കാനുമുള്ള അവസരമാണ്‌ ഏൽപ്പിച്ചിരിക്കുന്നത്‌. ആ ചുമതല ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുമെന്നും റഹീം പറഞ്ഞു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button