എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു
എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി നവ്യ എന്നിവരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.
ആറ്റിപ്രയിലെ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവായ ടി. നവ്യയാണ് സംഭവ ദിവസം ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുന്നുകഴി ഭാഗത്തേക്ക് ജിതിന്‍ കാറിലെത്തിയപ്പോള്‍, നവ്യ സ്‌കൂട്ടര്‍ എത്തിച്ച് നല്‍കുകയായിരുന്നു. കാറില്‍ നവ്യയെ ഇരുത്തിയ ശേഷം ജിതിന്‍ സ്‌കൂട്ടറുമായി പോയി ആക്രണം നടത്തി തിരികെയെത്തി. അതിന് ശേഷം ഇരുവരും മടങ്ങുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. കൃത്യം നിര്‍വഹിക്കാന്‍ ജിതിന് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ഷാജഹാനാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.