KERALA
സ്കൂൾ തസ്തിക സൃഷ്ടിക്കൽ സർക്കാരിന്റെ കയ്യിലേക്ക്
തിരുവനന്തപുരം ∙ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കാൻ ഇനി സർക്കാരിന്റെ അനുമതി വേണം. പ്രൈമറി തലത്തിൽ എഇഒയും ഹൈസ്കൂളിൽ ഡിഇഒയും തസ്തിക അനുവദിക്കുന്ന രീതി അവസാനിക്കും. ഒരു കുട്ടി വർധിച്ചാൽ പോലും അധിക തസ്തിക എന്ന സ്ഥിതി മാറണമെന്നും സർക്കാർ അറിഞ്ഞേ തസ്തിക സൃഷ്ടിക്കാവൂ എന്നും മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിൽ പറയുന്നു.
ഇതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) ഭേദഗതി ചെയ്യും.
മാനേജ്മെന്റുകളുടെ എതിർപ്പിനു സാധ്യതയുള്ള നീക്കമാണിത്. നിയമനത്തിനു സർക്കാരിന്റെ അംഗീകാരം വൈകിയാൽ പ്രശ്നമാകും. ബജറ്റ് പ്രസംഗത്തിൽ പറയുന്നതിങ്ങനെ – ‘ഈ സർക്കാരിന്റെ കാലത്ത് ഏറെ പരിശോധനകൾക്കു ശേഷമാണ് 17,614 പുതിയ തസ്തിക സൃഷ്ടിച്ചത്. എന്നാൽ അത്തരം പരിശോധനയോ സർക്കാരിന്റെ അറിവോ ഇല്ലാതെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 18,119 തസ്തികകൾ വന്നു. 13,255 പേർ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുമ്പോഴാണിത്.
‘വിദ്യാഭ്യാസ അവകാശ നിയമത്തെ തുടർന്ന് അധ്യാപക- വിദ്യാർഥി അനുപാതം എൽപി സ്കൂളുകളിൽ 1:45 ആയും യുപിയിൽ 1: 35 ആയും കുറച്ചിരുന്നു. ഈ അനുപാതത്തെക്കാൾ ഒരു കുട്ടി കൂടുതലുണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാമെന്നു വ്യാഖ്യാനമുണ്ടായി. ഉപജില്ലാ തലത്തിൽ എഇഒ അംഗീകരിച്ചാൽ തസ്തികയായി. ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവയിൽ പരിശോധന നടത്തിയേ തീരൂ.’ യഥാർഥ ദുർവ്യയത്തിനു വഴിവയ്ക്കുന്നത് ഇത്തരം പഴുതുകളാണെന്നും അവ അടയ്ക്കുകയാണെന്നും മന്ത്രി പിന്നീടു മാധ്യമപ്രവർത്തകരോടു വിശദീകരിച്ചു.
ആറാം ദിന കണക്കെടുപ്പിനു പകരം പുതിയ രീതിക്ക് സാധ്യത
അധ്യയന വർഷത്തിന്റെ ആറാം ദിവസം കുട്ടികളുടെ കണക്കെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ തസ്തിക നിർണയിക്കുന്ന രീതി മാറിയേക്കും. കൂടുതൽ ശാസ്ത്രീയ സംവിധാനം വേണമെന്നാണു സർക്കാരിന്റെ കാഴ്ചപ്പാട്. പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള അധ്യാപക– വിദ്യാർഥി അനുപാതം സംസ്ഥാനത്തിനു മാറ്റാനാവില്ല.
അതേസമയം, സ്കൂൾ തലത്തിലുള്ള വിദ്യാർഥികളുടെ എണ്ണമാണു വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നത്. കേരളത്തിൽ നിലവിൽ അനുപാതം കണക്കാക്കുന്നതു ക്ലാസ് തലത്തിലും. നിയമത്തിന്റെ ലംഘനമാകാത്ത രീതിയിൽ അനുപാത നിർണയ രീതി മാറ്റാൻ അതിനാൽ സർക്കാരിനു പഴുതുണ്ട്.
Comments