KERALA

എടിഎം മെഷീൻ എടുത്തുകൊണ്ടു പോയി പൊളിച്ചു, എന്നിട്ടും പണം നഷ്ടമായില്ല

മൂവാറ്റുപുഴ∙ വാഴക്കുളത്ത് എടിഎം മെഷീൻ എടുത്തു പുറത്തു കൊണ്ടുപോയി തകർത്ത ശേഷം പണം കവരാൻ ശ്രമം. മൂവാറ്റുപുഴ– തൊടുപുഴ റോഡരികിൽ വാഴക്കുളം കല്ലൂർക്കാട് കവലയ്ക്കു സമീപമുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം ആണ് തകർത്തത്. എടിഎം കൗണ്ടറിൽ നിന്ന് പൂർണമായി എടുത്തുമാറ്റിയ മെഷീൻ കെട്ടിടത്തിന്റെ പിറകിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാഷ് ഡിപ്പോസിറ്റ് മെഷീൻ തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് എടിഎം തകർത്തിരിക്കുന്നത്.

1. മുഖംമൂടിയും കയ്യുറയും ധരിച്ച മൂന്നംഗ സംഘം എടിഎം മുറിക്കുള്ളിൽ പ്രവേശിക്കുന്നു. കയ്യിൽ കമ്പിപ്പാരകള്‍. എടിഎം മുറിക്കുള്ളിൽ ഒരു സിഡിഎം യന്ത്രവും ഒരു എടിഎം യന്ത്രവും. 2. സംഘാംഗങ്ങളിലൊരാൾ എടിഎം യന്ത്രങ്ങൾക്കു നേരെ വച്ചിരിക്കുന്ന സിസിടിവി തിരിച്ചൊടിച്ചു വയ്ക്കുന്നു. ബാക്കിയുള്ളവർ യന്ത്രങ്ങൾ തകർക്കാൻ ആരംഭിക്കുന്നു. 3. എടിഎം യന്ത്രത്തിന്റെ പൈസ സൂക്ഷിക്കുന്ന ചെസ്റ്റ് (കാർഡ് ഇടുന്നതിനു താഴെയുള്ള ഭാഗം) കമ്പിപ്പാര ഉപയോഗിച്ചു രണ്ടു പേരും ചേർന്നു കുത്തിപ്പൊളിക്കുന്നു. മൂന്നാമൻ ഈ സമയം എടിഎം ഗ്ലാസിനടുത്തു നിന്നു പരിസരം വീക്ഷിക്കുന്നു. 4. യന്ത്രം അപ്പാടെ എടുത്തു എടുത്തു കെട്ടിടത്തിനു പുറകിലുള്ള പറമ്പിൽ കൊണ്ടുപോയി വച്ചു പണം എടുക്കാനുള്ള ശ്രമം. പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു രക്ഷപ്പെടുന്നു (പൊലീസ് നൽകിയ വിവരം ഉപയോഗിച്ച് ആർട്ടിസ്റ്റ് രൂപകൽപന ചെയ്തത്).
സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളിൽ മോഷ്ടാക്കളെ തിരിച്ചറിയാൻ സാധിക്കുന്ന വ്യക്തതയില്ല. സമീപത്തുള്ള വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ സെല്ലിന്റെയും സഹായം തേടി.
ആസൂത്രിത മോഷണം
എടിഎം കൗണ്ടറിൽ എല്ലാ തയാറെടുപ്പോടും കൂടിയാണ് മോഷണ സംഘം എത്തിയത്. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ സംഘം എടിഎം കൗണ്ടറിൽ പ്രവേശിച്ച് ആറാമത്തെ സെക്കൻഡിനുള്ളിൽ സിസിടിവി ക്യാമറ തകർത്തു.  കമ്പിപ്പാര ഉപയോഗിച്ച് അതിവേഗത്തിൽ എടിഎം അടർത്തിയെടുത്ത് ഇവർ പുറത്തേക്കു കൊണ്ടുപോയി. ഇതു കെട്ടിടത്തിന്റെ പുറകിൽ കൊണ്ടുപോയാണ് പരിശോധന നടത്തിയത്.
എടിഎം മോഷണങ്ങൾ നടത്തി പരിചയമുള്ളവരാണ് സംഘമെന്നാണ് പൊലീസിന്റെ നിഗമനം. കൊരട്ടിയിലും ആലുവയിലും അങ്കമാലിയിലും നടന്ന മോഷണങ്ങളുമായി ഇതിനു സാമ്യമുണ്ട്. കൊരട്ടിയിൽ നടന്ന മോഷണത്തിൽ സിസിടിവി ക്യാമറയിൽ പതിഞ്ഞത് മൂന്നു പേരുടെ ദൃശ്യങ്ങളായിരുന്നു. എന്നാൽ സംഘത്തിൽ ഏഴു പേരുണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.  കൊരട്ടിയിലും സംഘമെത്തിയതു കമ്പിപ്പാരയുമായാണ്.
ഹെൽമറ്റ് ധരിക്കുകയും ചെയ്തിരുന്നു. വാഴക്കുളം നഗരവും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് നഗരാതിർത്തിയോടു ചേർന്നുള്ള കെട്ടിടത്തിലെ എടിഎം തകർക്കാൻ ഇവർ ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു. ഇവിടെ സെക്യൂരിറ്റി ഗാർഡില്ലെന്ന് ഇവർ മനസ്സിലാക്കിയിരുന്നു. ഇവരെത്തിയ വാഹനത്തെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button