CRIMEDISTRICT NEWS
എട്ട് കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
വടകര :ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ ഏറനാട് നറുകരയിലെ ചീരാൻതൊടി വീട്ടിൽ ലത്തീഫ് (35), വളപറമ്പൻ വീട്ടിൽ ഫിറോസ് അലി (37) എന്നിവരെയാണ് വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം കൃഷ്ണകുമാറും സംഘവും പിടികൂടിയത്.
ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശാനുസരണം വടകര പാലയാട്ട് നടയിലായിരുന്നു വാഹന പരിശോധന. 8.150 കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു.
പ്രതികൾക്ക് കഞ്ചാവ് വിതരണത്തിനായി നൽകിയ കൈമൾ ബാബു എന്ന നിഷാലിനുവേണ്ടി അന്വേഷണം ആരംഭിച്ചു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഗേഷ് ബാബു, സുനീഷ്, സന്ദീപ്, സനു, രൂപേഷ്, വിജിനേഷ്, ഷിജിൻ, ലിനീഷ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ അനിൽ കുമാർ, അസി. എക്സൈസ് കമീഷണർ പ്രേം കൃഷ്ണൻ എന്നിവർ സംഭവസ്ഥലത്തെത്തി.
Comments