എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം നടത്തുന്നതിനിടെ സമരപ്പന്തലില്‍ നിന്ന് തന്റെ 70,000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവര്‍ത്തക ദയാബായി
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്നതിനിടെ സമരപ്പന്തലില്‍ നിന്ന് തന്റെ 70,000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവര്‍ത്തക ദയാബായി. ഒക്ടോബര്‍ 12നാണ് മോഷണം നടന്നത്. നഷ്ടപ്പെട്ട പണത്തേക്കാളും തന്റെ ജീവന്റെ വിലയുള്ള രേഖകളാണ് തിരികെ വേണ്ടതെന്ന് ദയാബായി പറഞ്ഞു.
നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടത്. സംഘാടകര്‍ പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നത്. പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകള്‍ എഴുതി വച്ച ഡയറി ഉള്‍പ്പെടെയാണ് നഷ്ടമായത്. അതിന് തന്റെ ജീവനെക്കാള്‍ വിലയുണ്ട്. തന്നെ ആശുപത്രിയിലേക്കു മാറ്റിയ പൊലീസിന് തന്റെ വസ്തുക്കള്‍ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ എന്നും ദയാബായി ചോദിച്ചു.
ആശുപത്രിയില്‍ എത്തിച്ചശേഷം പൊലീസുകാര്‍ സ്ഥലം വിട്ടു. ആശുപത്രി വിട്ടപ്പോള്‍ അവിടെ അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ലെന്നും ദയാബായി പറയുന്നു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിന് സ്വരൂപിച്ചു വെച്ചതില്‍പ്പെട്ട തുകയാണ് പേഴ്‌സിലുണ്ടായിരുന്നത്. അതില്‍ 50,000 രൂപ അവാര്‍ഡുകളുടെ തുകയായി ലഭിച്ചതാണ്. കൂടാതെ മറ്റൊരു 20,000 രൂപയാണ് പേഴ്‌സിലുണ്ടായതെന്നും ദയാബായി പറഞ്ഞു.