CALICUT
എലത്തൂരിൽ വീടുകളിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ
എലത്തൂർ: എലത്തൂരിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നു വീടുകളിൽ മോഷണം. ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ഐ ഫോൺ, എന്നിവ കവർന്നു. മോഷ്ടിച്ച ബൈക്കിൽ പോകുന്നതിനിടെ പ്രതികളിലൊരാളെ നാട്ടുകാർ പിടികൂടി. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ മോഷ്ടിക്കാനും ശ്രമം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. ഇവരിൽനിന്ന് തൊണ്ടിമുതൽ കണ്ടെടുത്തു.
ശാന്തിനഗർ കോളനിയിലെ സുബൈദ മൻസിൽ അബ്ദുൾ സലാം(33), കൊല്ലം പിഷാരികാവിന് സമീപം പാര പള്ളിപറമ്പിൽ ഷാനിദ്(20) എന്നിവരാണ് അറസ്റ്റിലായത്. പുത്തലത്ത് ബൈജു, തെക്കെ പഴയ മാളികക്കൽ സത്യൻ, കുന്നത്ത് പറന്പിൽ അസ്മ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ബൈജുവിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കടത്തിക്കൊണ്ടു പോവുന്നതിനിടയിൽ ഷാനിദിനെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ മൊഴി പ്രകാരമാണ് അബ്ദുൾ സലാമിനെ ടൗണിൽ പട്രോളിങ് നടത്തുകയായിരുന്ന എലത്തൂർ എസ്.ഐ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. ഇയാൾ പോലീസെത്തുമ്പോൾ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു.
[Image: car] റോഡിലേക്കിറക്കുന്നതിനിടയിൽ ഓവുചാലിൽ ടയർ താഴ്ന്നതിനാൽ മോഷ്ടാക്കൾ ഉപേക്ഷിച്ച കാർ
റെയിൽവേ സ്റ്റേഷന് സമീപത്തെ അസ്മയുടെ വീട്ടിൽനിന്നാണ് ലാപ്ടോപ്പും മൂന്ന് മൊബൈൽ ഫോണുകളും ഒരു ഐ ഫോണും സംഘം കവർന്നത്.
മുകൾ ഭാഗത്തുകൂടിയാണ് മോഷ്ടാക്കൾ വീടിനകത്തുകടന്നത്. റെയിൽവേ ഗേറ്റിനടുത്തെ തെക്കെ പഴയമാളികയ്ക്കൽ സത്യന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ ടയർ ഓവുചാലിലേക്ക് ഇറങ്ങിപ്പോയതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വഴിയാത്രക്കാരൻ വീട്ടുകാരെ വിളിച്ചുണർത്തി കാർ, റോഡിൽ കിടക്കുന്ന വിവരം അറിയിച്ചതിനെത്തുടർന്ന് വാളിയിൽ ഷെമീർ, ടി.എം. ഷഹീർ, എൻ.കെ. നിസാർ, എം.കെ. സുഹൈർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടയിലാണ് ബൈക്ക് മോഷ്ടാവ് പിടിയിലാവുന്നത്.
അറസ്റ്റിലായ അബ്ദുൾ സലാം ഒട്ടേറേ മോഷണക്കേസുകളിലെ പ്രതിയാണെന്ന് എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ. എ. അഷറഫ് പറഞ്ഞു.
പ്രതികളെ പിടികൂടുന്നതിന് സിവിൽ പോലീസ് ഓഫീസർമാരായ ഷാജി, ജിതേന്ദ്രൻ, ജിനി, ഹോംഗാർഡുമാരായ ബാലകൃഷ്ണൻ, ജയകൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Comments