LOCAL NEWS

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തി. ഷൊര്‍ണൂരില്‍ സെയ്ഫിക്ക് സഹായം നല്‍കി എന്നു കരുതുന്ന നാലുപേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. സംഭവദിവസം ഷൊര്‍ണൂരില്‍ വെച്ച് ഷാറൂഖ് സെയ്ഫി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ പൊലീസ് കണ്ടെടുത്തു. 

ചെര്‍പ്പുളശ്ശേരിയിലെ കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. സിം ഇല്ലാത്ത മൊബൈല്‍ഫോണ്‍ കടയില്‍ വില്‍ക്കുകയായിരുന്നു. ആ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നയാളെക്കുറിച്ചും പൊലീസ് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

അറസ്റ്റിലായ ഷാറൂഖ് സെയ്ഫിക്കെതിരെ കഴിഞ്ഞദിവസം യുഎപിഎ ചുമത്തിയിരുന്നു. ഭീകരബന്ധം തെളിഞ്ഞ സാഹചര്യത്തില്‍ കേസില്‍ സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പാണ് ചുമത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്തിരുന്നു. 

കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് രാവിലെ യോഗം ചേരും. പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്. പ്രതിയുടെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തിന് ശേഷം അന്വേഷണ സംഘത്തലവന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button