KERALAUncategorized

എസ്.എ.ടി ആശുപത്രിയിലും, തൃശൂര്‍ മെഡിക്കല്‍ കോളജിലും മില്‍ക്ക് ബാങ്ക് ;ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയിലും, തൃശൂര്‍ മെഡിക്കല്‍ കോളജിലും മില്‍ക്ക് ബാങ്ക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു കേന്ദ്രത്തില്‍ മില്‍ക്ക് ബാങ്ക് ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കേരളത്തില്‍ ഏറ്റവുമധികം പ്രസവം നടക്കുന്ന രണ്ട് ആശുപത്രികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജും എസ്.എ.ടി ആശുപത്രിയും. മില്‍ക്ക് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് മില്‍ക്ക് ബാങ്ക് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതുവരെ 1813 കുഞ്ഞുങ്ങള്‍ക്കാണ് ഇതിലൂടെ മുലപ്പാല്‍ നല്‍കാനായത്. 1397 അമ്മമാരാണ് മുലപ്പാല്‍ ദാനം ചെയ്തത്. 1,26,225 എംഎല്‍ മുലപ്പാല്‍ ശേഖരിച്ചു. 1,16,315 എംഎല്‍ മുലപ്പാല്‍ വിതരണം ചെയ്തു. 1370 എംഎല്‍ കൂടി വിതരണം ചെയ്യാന്‍ തയ്യാറായി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തെ മുലപ്പാല്‍ ബാങ്കാണ് കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ചത്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്‍. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാല്‍ അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികള്‍ക്ക് കൂടി മുലപ്പാല്‍ ഉറപ്പാക്കാനാണ് മില്‍ക്ക് ബാങ്ക് സജ്ജമാക്കിയത്.

സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുമാരും ജീവനക്കാരുമാണ് പ്രധാന ദാതാക്കള്‍. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാല്‍ കുടിക്കാന്‍ പറ്റാത്ത സാഹചര്യമുള്ള അമ്മമാര്‍ക്കും മുലപ്പാല്‍ ദാനം ചെയ്യാം.

നാലോ അഞ്ചോ പേരില്‍ നിന്ന് ശേഖരിച്ച പാല്‍ ഒന്നിച്ച് ചേര്‍ത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡില്‍ പാസ്ചറൈസ് ചെയ്യും. ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച ഒരു മുറിയും ആവശ്യത്തിന് ഫ്രിഡ്ജും ഡീപ്പ് ഫ്രീസറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്നുറപ്പിക്കാനുള്ള കള്‍ച്ചര്‍ പരിശോധനകളും നടത്തുന്നതാണ്. ഫ്രീസറിനുളളില്‍ ഇത് മാസങ്ങളോളം സൂക്ഷിക്കാനാകും. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്. മില്‍ക്ക് ബാങ്ക് മൊഡ്യൂള്‍ നിയോക്രാഡില്‍ പോര്‍ട്ടലില്‍ ലഭ്യമാക്കി. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലെ മില്‍ക്ക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button