എ കെ ജി സെന്റര്‍ ആക്രമണക്കേസ് അന്വേഷണം പോലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: ഇരുപത്തിനാല് ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ എകെജി സെന്റർ കേസ് പൊലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു. കേരളത്തിലാകമാനം പ്രതിഷേധങ്ങളും അക്രമങ്ങളും സൃഷ്ടിച്ച കേസിൽ ഇനിയൊരു തെളിവും പരിശോധിക്കാൻ ബാക്കിയില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ട് ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ അവസാനിക്കുകയാണ്.
ജൂൺ 30ന് രാത്രി 11.25നാണ് സ്കൂട്ടറിൽ എത്തിയയാൾ എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് സ്‌ഫോടക വസ്തു വീണത്. പിന്നാലെ ആക്രമണം കോൺഗ്രസുകാർ ആസൂത്രണം ചെയ്തതാണെന്ന് ഇപി ജയരാജൻ ആരോപിച്ചിരുന്നു. ഇതോടെ വൻ വിവാദങ്ങൾക്കാണ് സംഭവം വഴിവെച്ചത്. ഇതേ തുടർന്ന് നിരവധി അക്രമങ്ങളും പലയിടങ്ങളിലായി നടന്നിരുന്നു.
അന്വേഷണ സംഘം മേഖലയിലെ നൂറിലേറെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തത വരുത്താനായി വിശദ പരിശോധനക്കായി സിഡാകിലും പിന്നീട് ഫോറൻസിക്ക് ലാബിലും ഒടുവിൽ അനൗദ്യോഗികമായി ഡൽഹിവരേയും പൊലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്‌സൽ കുറവായതിനാൽ വ്യക്തത വരുത്താൻ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി.
പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ കെ ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി.
മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതോടെയാണ് ഇനി പരിശോധിക്കാൻ തെളിവുകളൊന്നും ബാക്കിയില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്.