ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. നിരക്ക് യുക്തിസഹമാക്കുന്നതിന് വേണ്ടിയാണ് നടപടി. നിരക്ക് പിന്നീട് നിശ്ചയിക്കും. രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കേരളത്തിലാണെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇത് ആദ്യം നടപ്പാക്കുക. പഞ്ചായത്ത് തലത്തില്‍ അടുത്ത ഘട്ടത്തില്‍ നടപ്പാക്കും. ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ണമായി ഒഴിവാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സ്വയം സാക്ഷ്യപ്പെടുത്തലോടുകൂടിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. നിലവില്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ ഓപ്ഷനലാണ്.
ഏപ്രിൽ ഒന്നുമുതൽ ഈ സൗകര്യം ലഭ്യമാകും. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്കുന്നത്. പെര്മിറ്റുകളുടെ കാലതാമസത്തെക്കുറിച്ചുള്ള പരാതികള്ക്ക് ഇതോടെ പരിഹാരമാകും. പൊതുജനങ്ങള്ക്ക് വീട് നിര്മ്മാണത്തിനായി അപേക്ഷ നല്കിയുള്ള കാത്തിരിപ്പ് ഇതോടെ അവസാനിപ്പിക്കാനാകുമെന്നാണ് സര്ക്കാര് പ്രതീക്ഷിക്കുന്നത്.
പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും പുതിയ സംവിധാനം വഴി ഒഴിവാക്കാൻ കഴിയും. അഴിമതിയുടെ സാധ്യതയും ഇല്ലാതാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.