ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും. ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്ക്
രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നവംബര്‍ 11നും 12നും ബെംഗളൂരുവില്‍ എത്തിയ 66, 46 വയസുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് സാമ്പിളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും രണ്ട് പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. രോഗികളുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 10 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.