KERALAMAIN HEADLINES

ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം:  സംസ്ഥാനത്ത് നിലവിലുള്ള ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തൽ. പുതിയ കൊവിഡ് വകഭേദമില്ലാത്തതും രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം. കേസുകൾ കൂടുന്നതിനനുസരിച്ച് മരണസംഖ്യ ഉയരുന്നുണ്ട്. കോവിഡിന് പുറമെ വെല്ലുവിളിയായി 16 ദിവസത്തിനിടെ 150 പേർക്കാണ് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചത്.

ഈ മാസമാദ്യം 1300ലെത്തിയ കോവിഡ് കേസുകൾ രണ്ടാഴ്ച്ചക്കുള്ളിലാണ് 3500നടുത്തെത്തിയത്. അതിവേഗത്തിലാണ് വളർച്ചാ നിരക്ക് മാറുന്നത്. 0.01ൽ നിന്ന് 0.05ലും ടിപിആർ 3ൽ നിന്ന് 16ന് മുകളിലുമെത്തി. ഈ സ്ഥിതി തുടർന്നേക്കും. പക്ഷെ പ്രതിസന്ധിയുണ്ടാക്കാനിടയില്ല. മരണസംഖ്യ മുകളിലേക്ക് തന്നെയാണ്. 68 മരണമാണ് 16 ദിവസത്തിനിടെ ഉണ്ടായത്. 

എറണാകുളവും തിരുവനന്തപുരവും കഴിഞ്ഞാൽ ജില്ലകളിൽ കോട്ടയത്താണ് കേസുകളിലും മരണത്തിലും പെട്ടെന്നുള്ള ഉയർച്ച. ഇന്നലെ മാത്രം നാല് മരണമാണ് കോട്ടയത്തുണ്ടായത്. സംസ്ഥാനത്തെ കോവിഡ് പരിശോധനകൾ ഉയർത്തി 21,000നു മുകളിലെത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം വെല്ലവുവിളിയുയർത്തുന്നത് എലിപ്പനിയാണ്. ഈ മാസം മാത്രം 150 പേരിൽ എലിപ്പനി സ്ഥിരീകരിച്ചു. നാലു പേർ ഈ മാസം മാത്രം മരിച്ചു. ഈ വർഷം ഇതുവരെ 18 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്.

കൊവിഡ് കേസുകളിലെ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നലെ മുതൽ ആറ് ദിവസത്തേക്ക് പ്രത്യേക കരുതൽ ഡോസ് വാക്സീൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതൽ ഡോസ് വാക്സീൻ എടുപ്പിക്കുകയാണ് ലക്ഷ്യം. കിടപ്പ് രോഗികൾക്കും വീട്ടുപരിചരത്തിലുള്ള രോഗികൾക്കും യജ്ഞത്തിൻ്റെ ഭാഗമായി വീട്ടിലെത്തി വാക്സീൻ നൽകും. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button