ഒമ്പത് ദിവസങ്ങൾക്ക് ശേഷം ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവനിൽ
ഒമ്പത് ദിവസങ്ങൾക്ക് ശേഷം ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവനിൽ. സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള കേരള സര്‍വകലാശാല ഭേദഗതി ബില്‍ സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ബില്‍ വ്യാഴാഴ്ച്ചയാണ് രാജ്ഭവന് കൈമാറിയത്. നിയമ പരിശോധന പൂര്‍ത്തിയാക്കാനാണ് ഇത്രയും ദിവസത്തെ സമയം എടുത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ചാന്‍സലര്‍ നിയമനത്തിനു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാലേ നിയമമാകൂ.
ബില്ലില്‍ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. നിലവില്‍ ഗവര്‍ണര്‍ രാജ്ഭവനിലില്ല. ജനുവരി മൂന്നിനു മാത്രമേ തലസ്ഥാനത്ത് തിരിച്ചെത്തുകയുള്ളു. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ കൂടുതല്‍ നിയമോപദേശം തേടുകയോ ചെയ്‌തേക്കാം. അല്ലെങ്കില്‍ ഇതില്‍ ഒരു തീരുമാനവും എടുക്കാതെ രാജ്ഭവനില്‍ സൂക്ഷിച്ചെന്നും വരാം.